ജമ്മു- ജമ്മു കശ്മീരിലെ ഭദെര്‍വാ വാലിയില്‍ ഗോ രക്ഷാ ഗുണ്ടകളെന്ന് സംശയിക്കപ്പെടുന്നവരുടെ വെടിയേറ്റ് മുസ്ലിം യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. നഈം ഷാ എന്ന യുവാവാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വെടിയേറ്റു മരിച്ചത്. വെടിവെപ്പിന്റെ കാരണം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഗോ രക്ഷാ ഗുണ്ടകളാണ് സംഭവത്തിനു പിന്നിലെന്ന് നഈമിന്റെ ബന്ധുക്കള്‍ ആരോപിച്ചു. നല്‍തി പുള്‍ പ്രദേശത്ത് രാത്രി വൈകി രണ്ടു പേരെ സംഭവ സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ഒരു വിഭാഗം പറയുന്നു. വെടിവെപ്പിനു പിന്നാലെ കൊല്ലപ്പെട്ട നഈമിന്റെ ബന്ധുക്കള്‍ ഭാദെര്‍വാ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പോലീസ് ലാത്തിവീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് ഇവരെ പിന്തിരിപ്പിച്ചത്.
ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് പറഞ്ഞു. സുരക്ഷയ്ക്കായി സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞിരിക്കുകയാണ്.