ലഖ്‌നൗ- സംഘര്‍ഷങ്ങളുടെ പേരില്‍ അസാധാരണ നടപടിയിലൂടെ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണം വിലക്ക് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ബിഎസ്പി നേതാവ് മായാവതി. കമ്മീഷന്‍ സമ്മര്‍ദ്ദത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. പ്രചാരണ വിലക്ക് തുടങ്ങുന്നത് വ്യാഴാഴ്ച രാത്രി 10 മുതലാക്കിയതിനു കാരണം പകലില്‍ പ്രധാനമന്ത്രി മോഡി രണ്ടു തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കുന്നതു കൊണ്ടാണ്. വിലക്കേര്‍പ്പെടുത്തുന്നെങ്കില്‍ എന്ത് കൊണ്ട് കമ്മീഷന് രാവിലെ മുതല്‍ ആക്കിക്കൂടാ?-മായാവതി ചോദിച്ചു.
മോഡിയും അമിത് ഷായും അവരുടെ നേതാക്കളും മമതാ ബാനര്‍ജിയെ ഉന്നമിട്ടിരിക്കുന്നു എന്നു വ്യക്തമാണ്. ഇത് ആസൂത്രിത നീക്കമാണ്. വളരെ അപകടകവും നിതീകരിക്കാനാവത്തതുമായ പ്രവണതയാണിത്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേരുന്ന പ്രവര്‍ത്തിയല്ല ഇത്- മായാവതി പറഞ്ഞു.
കൊല്‍ക്കത്തയില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് കമ്മീഷന്‍ ഭരണഘടനയുടെ 324ാം വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിക്കുറച്ചത്. രാജ്യത്ത് ആദ്യമായാണ് ഈ നടപടി. അവസാന ഘടത്തില്‍ മേയ് 19ന് വോട്ടെടുപ്പു നടക്കുന്ന ബംഗാളിലെ ഒമ്പതു മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാത്രി പത്തു മണിയോടെ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് ഉത്തരവ്.