പട്‌ന- പ്രധാനമന്ത്രി പദം ലഭിക്കണമെന്ന് കോണ്‍ഗ്രസിനു നിര്‍ബന്ധമില്ലെന്നും എന്‍ഡിഎ കേന്ദ്രത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയുകയാണ് മുഖ്യ ലക്ഷ്യമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. 'ഞങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസിന് അനുകൂലമായി അഭിപ്രായ ഐക്യം ഉണ്ടായാല്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കും. എന്നാല്‍ നമ്മുടെ ലക്ഷ്യം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയുക എന്നതാണ്'- ചൊവ്വാഴ്ച പട്‌നയില്‍ ഗുലാം നബി പറഞ്ഞു. കോണ്‍ഗ്രസിനു ലഭിച്ചില്ലെങ്കില്‍ മറ്റാരേയും പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ല എന്നില്ല. ഞങ്ങള്‍ ഇതൊരു പ്രശ്‌നമാക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ പല കോണ്‍ഗ്രസ് നേതാക്കളും സഖ്യകക്ഷികളും രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രതിപക്ഷം ഒരാളെ പ്രധാനമന്ത്രി പദവിയിലേക്ക് ചൂണ്ടിക്കാണിക്കുന്നില്ല. ഫലം പ്രതിപക്ഷത്തിനു അനൂകൂലമായാല്‍ പ്രധാനമന്ത്രി പദത്തിന് വാശിപിടിക്കില്ലെന്ന് ഇതാദ്യമായാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് പറയുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തെ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് വെല്ലുവിളിച്ചിരുന്നു. ഒരു നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ ആരുമില്ലെന്നാണ് പ്രതിപക്ഷത്തിനെതിരായ ബിജെപിയുടെ പ്രധാന ആക്ഷേപങ്ങളിലൊന്ന്.