ബി.ജെപിയ്ക്ക് ഉപഹാരം -മമത
കൊൽക്കത്ത- ഒൻപത് ലോക്സഭ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിക്കുറച്ചു. മണ്ഡലങ്ങളിൽ തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. വെള്ളിയാഴ്ച വൈകീട്ട് ആറിന് അവസാനിക്കേണ്ട പരസ്യപ്രചാരണം ഇന്ന് രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. മേയ് 19നാണ് ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡംഡം, ബരാസത്, ബസിറത്ത്, ജയ്നഗർ, മഥുപൂർ, ജാദവ്പൂർ, ഡയമണ്ട് ഹാർബർ, സൗത്ത് കൊൽക്കത്ത, നോർത്ത് കൊൽക്കത്ത എന്നീ മണ്ഡലങ്ങളിൽ വ്യാഴാഴ്ച രാത്രി പത്ത് മണിക്കുശേഷം പരസ്യപ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആർട്ടിക്കിൾ 324 പ്രകാരമാണ് പരസ്യപ്രചാരണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന അമിത് ഷായുടെ റാലിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് തൃണമൂൽ-ബി.ജെ.പി വാക്പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അതിനിടെ, പശ്ചിമ ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെ മാറ്റി. പകരം ചുമതല ചീഫ് സെക്രട്ടറിക്ക് നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിനാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പൊലീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറലിനെയും മാറ്റിയിട്ടുണ്ട്.
ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ബംഗാളിലെ പരസ്യപ്രചാരണം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആർ.എസ്.എസിന്റെ ആൾക്കാരാണെന്നും ബി.ജെ.പിയുടെ പാവയായി കമ്മീഷൻ മാറിയെന്നും മമത ബാനർജി ആരോപിച്ചു. ബംഗാളിൽ നടന്ന ആക്രമത്തിന് കാരണം അമിത് ഷായാണെന്നും സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
ബംഗാളിൽ തെരഞ്ഞെടുപ്പിന് ആക്രമണമുണ്ടാകുമെന്ന് രു വർഷം മുമ്പേ താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും ബംഗാളിൽ ആക്രമണമുണ്ടായി. ആറ് ഘട്ടങ്ങളിലും ബംഗാളിൽ വ്യാപക അക്രമം നടന്നു. നേരത്തെ നടന്ന ആക്രമണങ്ങൾക്ക് മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും മോഡി കുറ്റപ്പെടുത്തി.
മമതയ്ക്ക് സ്വന്തം നിഴലിനെപ്പോലും പേടിയാണ്. മമതയെ പുറത്താക്കാൻ പുറത്ത് നിന്ന് ആരെയും കൊണ്ടുവരേണ്ട കാര്യമില്ല. ജനങ്ങൾ തന്നെ മമതയെ പുറത്താക്കുമെന്നും മോഡി പറഞ്ഞു. ലോക്സഭയിൽ മുന്നൂറിലധികം സീറ്റുകൾ നേടാൻ ബംഗാൾ ബിജെപിയെ സഹായിക്കുമെന്നും മോഡി വ്യക്തമാക്കി. നാല് മാസം മുമ്പ് ഹെലികോപ്ടർ ഇറങ്ങാൻ അനുമതി നൽകിയില്ല.
ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് തന്റെ ഫോൺ കോൾ അറ്റന്റ് ചെയ്തില്ലെന്നും ബംഗാൾ സർക്കാറും ജനങ്ങളുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നതെന്നും മോഡി വ്യക്തമാക്കി.