Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവജാത ശിശുവിനെ കൊടുംകാട്ടിൽ  വലിച്ചെറിഞ്ഞ അമ്മക്ക് തടവും പിഴയും

പാലക്കാട്- നവജാത ശിശുവിനെ കാട്ടിൽ വലിച്ചെറിഞ്ഞ അമ്മക്ക് കോടതി അഞ്ച് വർഷത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അട്ടപ്പാടി അഗളി കൊട്ടമേട് മരതകത്തെ(51)യാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഞ്ചുകുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൊടുംകാട്ടിൽ വന്യമൃഗങ്ങൾക്കു നടുവിൽ രണ്ടു ദിവസമാണ് കുഞ്ഞ് കഴിഞ്ഞു കൂടിയത്. പന്ത്രണ്ടടി താഴ്ചയുള്ള തോട്ടിലേക്കായിരുന്നു വലിച്ചെറിഞ്ഞത്. രക്ഷപ്പെട്ട കുട്ടിക്ക് സ്വതന്ത്ര എന്ന പേരും നൽകി.
കൂടുതൽ കഠിനമായ ശിക്ഷ ലഭിക്കാൻ പ്രതി അർഹയാണെങ്കിലും അവരുടെ നിലവിലുള്ള ജീവിത സാഹചര്യം പരിഗണിച്ചാണ് വിധി പ്രസ്താവിക്കുന്നത് എന്ന് കോടതി വ്യക്തമാക്കി. 2012 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു ദിവസം വന്യമൃഗങ്ങൾ സൈ്വരവിഹാരം നടത്തുന്ന കാട്ടിൽ അത്ഭുതകരമായി അതിജീവനം നടത്തിയ പെൺകുഞ്ഞ് ഇന്നും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ കാട്ടിൽ നിന്ന് കണ്ടെടുത്ത കുട്ടിക്ക് സ്വതന്ത്ര എന്നാണ് പേരിട്ടിരിക്കുന്നത്. 
2012 ഓഗസ്റ്റ് പതിനഞ്ചിന് കാട്ടിൽ ആടു മേയ്ക്കാൻ പോയ അട്ടപ്പാടി ഭൂതിവഴി ഊരിലെ പാപ്പാൾ ആണ് ജനിച്ച് ഏതാനും ദിവസം മാത്രമായ പെൺകുഞ്ഞിനെ ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തു. അന്നത്തെ അഗളി സി.ഐ ആർ.മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. ആദ്യം അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുഞ്ഞിനെ പിന്നീട് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരായ പ്രേം, സുജലത, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഏറെ പണിപ്പെട്ടാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. അഗളി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുദ്യോഗസ്ഥർക്ക് ആ ദിവസങ്ങളിൽ ആശുപത്രിയിലായിരുന്നു ഡ്യൂട്ടി. മലമ്പുഴ പ്രൊവിഡൻസ് ഹോമിലാണ് ഇപ്പോൾ സ്വതന്ത്ര.
സംഭവത്തെക്കുറിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് മരതകം അറസ്റ്റിലായത്. ഡി.എൻ.എ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ രീതികളിലൂടെയാണ് കുട്ടിയുടെ മാതൃത്വം തെളിയിച്ചത്. കുഞ്ഞിനെ പന്ത്രണ്ട് അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് താൻ തന്നെയാണ് എറിഞ്ഞത് എന്ന് അവർ മൊഴി നൽകി. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ വളർത്തുന്ന ബുദ്ധിമുട്ട് ഓർത്താണ് അറ്റകൈ പ്രയോഗം നടത്തിയത് എന്നായിരുന്നു അമ്മയുടെ മൊഴി. വിചാരണാ വേളയിലും പ്രോസിക്യൂഷനോട് സഹകരിക്കുന്ന വിധത്തിലാണ് മരതകം പെരുമാറിയത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആനന്ദ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി.


 


 

Latest News