ഷാര്‍ജ- നീന്തല്‍ പഠനത്തിനിടെ നാലുവയസ്സുകാരന് മുങ്ങിമരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ കുറ്റക്കാരാണെന്ന് ഷാര്‍ജ കോടതി. ഓസ്ട്രേലിയന്‍ ഇന്റര്‍നാഷനല്‍ സ്കൂളിനും അതിലെ രണ്ട് ജീവനക്കാര്‍ക്കും രണ്ട് ലക്ഷം ദിര്‍ഹം ശിക്ഷ വിധിച്ചു. തുക മരിച്ച സ്വദേശി ബാലന്റെ കുടുംബത്തിന് നല്‍കണം.
കായികാധ്യാപകന്, അദ്ദേഹത്തിന്റെ സഹായി, സ്കൂള്‍ അഡ്മിനിസ്ട്രേഷന് എന്നിവര്‍ ചേര്‍ന്നാണ് പണം നല്‍കേണ്ടത്. കുട്ടിയുടെ മരണത്തിന് കാരണം ഇവരുടെ അനാസ്ഥയാണെന്നാണ് കോടതി കണ്ടെത്തിയത്.
സ്കൂള്‍ 1,40,000 ദിര്‍ഹവും രണ്ട് ജീവനക്കാര്‍ 30,000 ദിര്‍ഹം വീതവുമാണ് നല്‍കേണ്ടത്. മൂന്നു കൂട്ടരും 5000 ദിര്‍ഹം വീതം പിഴയും നല്‍കണം.
മറ്റ് നാല് ജീവനക്കാരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി അവരെ കുറ്റവിമുക്തരാക്കി. 2018 നവംബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം.