ചണ്ഡീഗഡ്-ബിരുദദാന ചടങ്ങില്‍ ധരിക്കുന്ന വസ്ത്രത്തില്‍ പക്കവട വിറ്റ ഒരുപറ്റം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ തൊഴിലില്ലായ്മ പ്രധാനമന്ത്രിയ്ക്ക് മുന്‍പില്‍ ചൂണ്ടിക്കാണിക്കാനായിരുന്നു ഈ പ്രതിഷേധം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചണ്ഡീഗഢിലെ തിരഞ്ഞെടുപ്പ് റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ വേറിട്ട പ്രതിഷേധ സമരം അരങ്ങേറിയത്.
'എന്‍ജിയര്‍മാരുണ്ടാക്കിയ പക്കവട വാങ്ങു, ബി.എ, എല്‍.എല്‍.ബി പക്കവടകള്‍ വില്‍പ്പനക്ക്' എന്നീങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു പക്കവട വില്‍പ്പന. മോദി പുതിയ 'പക്കവട സ്‌കീമി'ലൂടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും യുവാക്കള്‍ പരിഹസിച്ചു. എന്നാല്‍ 'മോഡിജിയുടെ പക്കവട' എന്ന പേരില്‍ തുടങ്ങിയ പ്രതിഷേധ സമരം പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത്, പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോഡി കഴിഞ്ഞ വര്‍ഷം നടത്തിയ വിവാദ അഭിമുഖത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. 'പക്കവട വില്‍ക്കുന്ന ഒരാള്‍ക്ക് ദിവസം 200 രൂപ ലഭിക്കുന്നു. അത് തൊഴിലായി അംഗീകരിക്കുമോ ഇല്ലയോ? ഭിക്ഷ യാചിക്കുന്നതിലും നല്ലതല്ലേ പക്കവട വില്‍ക്കുന്നത്? തുടങ്ങിയ നരേന്ദ്രമോഡിയുടേയും അമിത് ഷായുടേയും പ്രസ്താവനകള്‍ക്കെതിരെയായിരുന്നു യുവാക്കളുടെ പ്രതിഷേധം.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്ന് രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 1970ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.