Sorry, you need to enable JavaScript to visit this website.

പരിശീലനത്തിനിടെ ചോദ്യം സെക്‌സിനെ കുറിച്ച്; മുതിര്‍ന്ന പൈലറ്റിനെതിരെ എയര്‍ ഇന്ത്യാ വനിതാ പൈലറ്റിന്റെ പരാതി

ന്യുദല്‍ഹി- ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തെ കുറിച്ചും മറ്റും ചോദിച്ച് ശല്യം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ വനിതാ പൈലറ്റ് കമാന്‍ഡറായ മുതിര്‍ന്ന പൈലറ്റിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുവരും മേയ് അഞ്ചിന് പരിശീലനത്തിനായി ഹൈദരാബാദിലേക്ക് പോയിരുന്നു. ഇതിനിടെയാണ് ലൈംഗിക പീഡന പരിധിയില്‍ വരുന്ന ശല്യം ചെയ്യല്‍ ഉണ്ടായത്. തന്റെ പരിശീലകനില്‍ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നു എന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്റിനു നല്‍കിയ പരാതിയില്‍ വനിതാ പൈലറ്റ് വിശദീകരിക്കുന്നു.

പരിശീലനത്തിനു ശേഷം ചില നോട്ട്‌സ് നല്‍കാമെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഡിന്നറിനായി പുറത്തേക്കും കൊണ്ടു പോയി. ചില്ലീസ് റെസ്ട്രന്റില്‍ എത്തിയതോടെയാണ് ദുരനുഭവങ്ങളുടെ തുടക്കം. വൈവാഹിക ജീവിതത്തിലെ അദ്ദേഹത്തിന്റെ അതൃപ്തിയും നൈരാശ്യവും എന്നോടു പറഞ്ഞു തുടങ്ങി. എയര്‍ ഇന്ത്യയിലെ മറ്റു വനിതാ ജീവനക്കാരെ കുറിച്ചും ലൈംഗിക ചുവയോടെ അദ്ദേഹം സംസാരിച്ചു. ഭര്‍ത്താവ് അകലെയായിരിക്കുമ്പോള്‍ എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും എല്ലാ ദിവസവും സെക്‌സ് ആവശ്യമില്ലെ എന്നും ചോദിച്ചു. സ്വയംഭോഗം ചെയ്യാറുണ്ടോ എന്നും അദ്ദേഹത്തിന് അറിയണമായിരുന്നു. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ഇതിനെ കുറിച്ചൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് ഞാന്‍ ടാക്‌സി വിളിച്ചു. ടാക്‌സി വരാനായി കാത്തു നിന്ന അര മണിക്കൂറിനിടെ അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മോശമായി- പരാതിയില്‍ വനിതാ പൈലറ്റ് പറയുന്നു.

കമാന്‍ഡറോട് ഒരിക്കലും പ്രതികരിച്ചില്ലെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തെന്നും പരാതിക്കാരി പറയുന്നു. തിരികെ മുറിയിലെത്തിയിട്ടും അദ്ദേഹം ഇത് അവസാനിപ്പിച്ചില്ല. തന്നെ വളിച്ചു കൊണ്ടിരുന്നു. മറുപടി നല്‍കിയില്ല. ഇതോടെ മുറിയിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തി മെസേജ് അയച്ചെന്നും വനിതാ പൈലറ്റ് വിശദീകരിക്കുന്നു.

ഈ പരാതി അന്വേഷിക്കാന്‍ ഉന്നത തല അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
 

Latest News