സാന്‍ ഫ്രാന്‍സിസ്‌കോ- സാങ്കേതിക വിദ്യാ രംഗത്ത് വലിയ മുന്നേറ്റമായ നിര്‍മിത ബുദ്ധി വളരെ വ്യാപകമായി കൊണ്ടിരിക്കുന്നതിനിടെ മുഖം തിരിച്ചറിയല്‍ (ഫേഷ്യല്‍ റെക്കഗ്നിഷന്‍) സോഫ്റ്റ്‌വെയര്‍ നിരോധിക്കുന്ന ആദ്യ യുഎസ് നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ. വിഡിയോ ദൃശ്യങ്ങളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും വ്യക്തികളെ തിരിച്ചറിയാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഉപയോഗിക്കേണ്ടെന്ന പ്രമേയം നഗരസഭയുടെ ബോര്‍ഡ് ഓഫ് സൂപര്‍വൈസേഴ്‌സ് ഭൂരിപക്ഷ വോട്ടിനാണ് പാസാക്കിയത്. ഒരാള്‍ മാത്രമാണ് എതിര്‍ത്തു വോട്ടു ചെയ്തത്. ബാക്കി എട്ടു പേര്‍ നിരോധനത്തെ അനുകൂലിച്ചു. നഗര ഭരണകൂടത്തിന്റെ ഏജന്‍സികളും പോലീസും ഇനി ഇതുപയോഗിക്കില്ല. യുഎസിലുടനീളം പോലീസും ക്രമസമാധാന ഏജന്‍സികളും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം ദ്രുതഗതിയില്‍ വ്യാപകമാക്കിവരുന്നതനിടെയാണിത്. സ്വകാര്യതയ്ക്കും പൗരാവകാശങ്ങള്‍ക്കും വിലങ്ങാകുന്ന ഈ സാങ്കേതിക വിദ്യയ്‌ക്കെതിരെ നിരവധി സിവില്‍ റൈറ്റ്‌സ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. രഹസ്യ നിരീക്ഷണത്തിനും തെറ്റായ അറസ്റ്റുകള്‍ക്കും ഈ സാങ്കേതി വിദ്യയുടെ ഉപയോഗം കാരണമാകുമെന്നാണ് ഇവരുടെ പക്ഷം.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തി വരുന്ന ലോകത്തെ ഏറ്റവും കരുത്തരായ ടെക് കമ്പനികളായ ഫേസ്ബുക്ക്, ഗൂഗ്ള്‍ എന്നിവയുടെ ആസ്ഥാനങ്ങളും സാന്‍ ഫ്രാന്‍സിസ്‌കോയിലാണ്. ഈ കമ്പനികളിലെ എഞ്ചിനീയര്‍മാരാണ് ബിസിനസ്, ഉപഭോഗ ആവശ്യങ്ങള്‍ക്കായി വ്യക്തികളുടെ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ രൂപകല്‍പ്പന ചെയ്തത്. നിരോധനം സ്വകാര്യ മേഖലയെ ബാധിക്കില്ലെങ്കിലും ഇതു മറ്റു നഗരങ്ങളേയും സ്വാധീനിക്കാമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വലിയൊരു സമൂഹമുള്ള നഗരത്തില്‍ തന്നെ ആദ്യമായി ഈ സാങ്കേതിക വിദ്യയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത് ഇതിന്റെ അപകടങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ഇതിനെതിരെ പ്രചാരണം നടത്തുന്ന വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥി ജെവന്‍ ഹൂസ്റ്റണ്‍ പറയുന്നു.