ജയ്പൂര്‍- വ്യക്തി സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട രണ്ടു പോലീസുകാര്‍ക്ക് തന്നെ അനുഗമിക്കാന്‍ പോലീസ് വാഹനം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോഡി പോലീസ് സ്റ്റേഷനു മുന്നില്‍ ഒരു മണിക്കൂറോളം ധര്‍ണയിരുന്നു. ചൊവ്വാഴ്ച ജയ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ ജയ്പൂര്‍-അജ്‌മേര്‍ ദേശീയ പാതയിലെ ബാഗ്രു പോലീസ് സ്റ്റേഷനു മുമ്പിലാണ് പ്രഹ്‌ളാദ് മോഡി പ്രതിഷേധിച്ചത്. ഈ സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരായി നിയോഗിച്ചിരുന്നു. ചട്ട പ്രകാരം ഈ പോലീസുകാര്‍ സംരക്ഷണം നല്‍കുന്നയാളുടെ വാഹനത്തിലാണ് സഞ്ചരിക്കേണ്ടത്. ഇതിനായി പോലീസ് വാഹനം വിട്ടുനല്‍കാനാവില്ലെന്നും ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ വ്യക്തമാക്കി. എന്നാല്‍ തന്റെ വാഹനത്തില്‍ ഇവരെ കയറ്റില്ലെന്നും ഇവര്‍ക്ക് പ്രത്യേക പോലീസ് വാഹനം നല്‍കണമെന്നുമായിരുന്നു പ്രഹ്‌ളാദ് മോഡിയുടെ ആവശ്യം. പിന്നീട് പോലീസ് ഇതു സംബന്ധിച്ച ഉത്തരവ് മോഡിയെ കാണിക്കുകയും കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ തന്റെ വാഹനത്തില്‍ തന്നെ കൊണ്ടു പോകാന്‍ അദ്ദേഹം തയാറാകുകയും ചെയ്തു.