ജിദ്ദ - ബോട്ട് കേടായി നടുക്കടലിൽ കുടുങ്ങിയ എട്ടു പേരെ അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. ഖുൻഫുദ സെക്ടർ അതിർത്തി സുരക്ഷാ സേനക്കു കീഴിലെ പട്രോളിംഗ് വിഭാഗമാണ് ഇവരെ രക്ഷപ്പെടുത്തിയത്. സുൽത്താൻ അല്ലൈത് എന്ന് പേരുള്ള ഉല്ലാസ ബോട്ട് അബുന്നൂർ മർകസിന് പടിഞ്ഞാറു വെച്ചാണ് കേടായത്.
ഇതേക്കുറിച്ച് ഖുൻഫുദ അതിർത്തി സുരക്ഷാ സേനാ സെക്ടറിൽ നിന്ന് ജിദ്ദ സെർച്ച് ആന്റ് റെസ്ക്യു കോ-ഓർഡിനേഷൻ സെന്ററിന് വിവരം ലഭിക്കുകയായിരുന്നെന്ന് മക്ക പ്രവിശ്യ അതിർത്തി സുരക്ഷാ സേനാ വക്താവ് മേജർ ഫാരിസ് അൽമാലികി പറഞ്ഞു.
ഉടൻ തന്നെ ഖുൻഫുദ അതിർത്തി സുരക്ഷാ സേനാ സെക്ടർ മറൈൻ പട്രോളിംഗ് യൂനിറ്റിനു കീഴിലെ ദീർഘദൂര ബോട്ടുകളെ സ്ഥലത്തേക്ക് അയച്ചു. കേടായ ഉല്ലാസ ബോട്ട് സൈനിക പട്രോളിംഗ് യൂനിറ്റുകൾ കണ്ടെത്തി ബോട്ടിലുണ്ടായിരുന്നവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തതായി മേജർ ഫാരിസ് അൽമാലികി പറഞ്ഞു.