റിയാദ് - കോൺട്രാക്ടിംഗ് മേഖലയിൽ മൂന്നു മാസത്തിനിടെ 25,000 ലേറെ സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിലാണ് കോൺട്രാക്ടിംഗ് മേഖലയിൽ കാൽ ലക്ഷത്തിലേറെ പേർക്ക് തൊഴിൽ ലഭിച്ചത്. ഇതിൽ 9500 പേർക്ക് പ്രൊഫഷനൽ തൊഴിലുകളിലാണ് നിയമനം ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ കോൺട്രാക്ടിംഗ് മേഖലയിൽ ശരാശരി വേതനം 18 ശതമാനം തോതിൽ വർധിച്ചതായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
രണ്ടു മാസത്തിനിടെ ചില്ലറ വ്യാപാര മേഖലയിൽ 6000 ലേറെ സൗദികൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇത്രയും സൗദികൾക്ക് ചില്ലറ വ്യാപാര മേഖലയിൽ തൊഴിൽ ലഭിച്ചത്. ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം വർധിച്ചുവരികയാണെന്നും മന്ത്രാലയം പറഞ്ഞു. സർക്കാർ, സ്വകാര്യ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒപ്പുവെച്ച കരാറുകൾ ശ്രദ്ധേയമായ ഫലം നൽകുന്നതിന് തുടങ്ങിയതായും രണ്ടു മാസത്തിനിടെ 27,000 സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായും വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിരവധി മേഖലകളിൽ സമീപ കാലത്ത് സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. മൂന്നു ഘട്ടങ്ങളായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം 2018 ജനുവരി അവസാനത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 11 ന് നിലവിൽവന്ന ആദ്യ ഘട്ടത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും നവംബർ ഒമ്പതിനു നിലവിൽവന്ന രണ്ടാം ഘട്ടത്തിൽ വാച്ച് കടകളും കണ്ണട കടകളും ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും 2019 ജനുവരി ഏഴു മുതൽ പ്രാബല്യത്തിൽ വന്ന മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും സ്‌പെയർ പാർട്‌സ് കടകളും കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകളും കാർപെറ്റ് കടകളും ചോക്കലേറ്റ്-പലഹാര കടകളും സൗദിവൽക്കരണത്തിന്റെ പരിധിയിൽ വന്നു.
സ്വകാര്യ മേഖലയിൽ അക്കൗണ്ടിംഗ് ജോലികൾ സൗദിവൽക്കരിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. 2022 അവസാനത്തോടെ 20,000 അക്കൗണ്ടിംഗ് തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
സൗദിവൽക്കരണവും വനിതകളെ ജോലിക്കു വെക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് മൂന്നു മാസത്തിനിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകൾക്കിടെ 23,000 ഓളം നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ 1,49,000 ഫീൽഡ് പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. മന്ത്രാലയത്തിനു കീഴിലെ 700 പരിശോധകരാണ് സ്ഥാപനങ്ങളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തിയത്.
സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ നിയമിക്കൽ, വനിതകളുടെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കൽ എന്നിവയാണ് സ്വകാര്യ സ്ഥാപനങ്ങളിൽ പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങൾ.