ന്യൂദല്‍ഹി- നെഹ്‌റു-ഗാന്ധി കുടുംബത്തേയും തന്റെ മാതാപിതാക്കളേയും നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. മോഡിയുടെ കുടുംബത്തെ ഒരിക്കലും അവഹേളിക്കില്ലെന്നും അദ്ദേഹത്തെ സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. 'മോഡി വിദ്വേഷത്തോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം എന്റെ അച്ഛനെയും മുത്തശ്ശിയെയും പ്രപിതാമഹനേയും അവഹേളിക്കുന്നു. പക്ഷെ എന്റെ ജീവിതത്തില്‍ ഒരിക്കലും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ അമ്മയേയും അച്ഛനേയും കുറിച്ചോ ഒന്നും പറയില്ല. ഞാന്‍ മരിച്ചാലും അദ്ദേഹത്തിന്റെ അമ്മയേയും അച്ഛനേയും അവഹേളിക്കില്ല'- രാഹുല്‍ പറഞ്ഞു. 'ഞാനോരു ആര്‍എസ്എസുകാരനോ ബിജെപിക്കാരനോ അല്ലാത്തത് കൊണ്ടാണിത്. എന്നിലേക്ക് വിദ്വേഷമെറിഞ്ഞാല്‍ തിരിച്ചു സ്‌നേഹം നല്‍കും. മോഡിജിയെ സ്‌നേഹം കൊണ്ടും ആലിംഗനം കൊണ്ടും തോല്‍പ്പിക്കും,' രാഹുല്‍ പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പു കൂടി ബാക്കി നില്‍ക്കെ ബിജെപിയും മോഡിയും വ്യക്തിഹത്യ മുഖ്യ പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രി മോഡി തന്നെയാണ് ഈ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കുന്നത്. രാഹുലിന്റെ അച്ഛന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്ന മോഡിയുടെ പരാമര്‍ശമാണ് കൂട്ടത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. വ്യോമ സേനാ കപ്പല്‍ സ്വന്തം ടാക്‌സിയാക്കി എന്ന അടിസ്ഥാന രഹിത ആരോപണവും മോഡി രാജീവിനെതിരെ ഉന്നയിച്ചതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.