Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ ആചാര്യന്‍ സവര്‍ക്കര്‍ ഇനി വീരപുരുഷനല്ല; രാജസ്ഥാന്‍ പാഠപുസ്തകം പരിഷ്‌കരിക്കുന്നു

ജയ്പൂര്‍- ഹിന്ദുത്വ ആചാര്യനായിരുന്ന വീര്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഇനി രാജസ്ഥാനിലെ സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ വീര പുരുഷനല്ല. വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സവര്‍ക്കറെ ധീര വിപ്ലവകാരിയായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചതിന് വ്യക്തമായ തെളിവുകളുള്ളതിനാല്‍ ഈ ഭാഗം മാറ്റണമെന്ന് പാഠപുസ്തക അവലോകന കമ്മിറ്റി നിര്‍ദേശിച്ചതായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ഡോട്ടസ്ര പറഞ്ഞു. പുതിയ വിദ്യാഭ്യാസ വര്‍ഷം പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തും.
സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവര്‍ അവിസ്മരണീയ പങ്കുവഹിച്ചവരാണ്. മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിരാഗന്ധി, രാജീവ് ഗാന്ധി, എ.ബി. വാജ്‌പേയി, മന്‍മോഹന്‍ സിംഗ് എന്നിവരും രാജ്യത്തിന്റെ വികസനത്തില്‍ സംഭാവനകളര്‍പ്പിച്ചവരാണ്. എന്നാല്‍ വീര്‍ സവര്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെ മഹത്വവല്‍ക്കരിക്കുന്നതില്‍  അടിസ്ഥാനമില്ല- മന്ത്രി പറഞ്ഞു.
പത്താം തരത്തിലേക്കുള്ള പരിഷ്‌കരിച്ച പാഠ പുസ്തകത്തില്‍ സവര്‍ക്കര്‍ ധീരവിപ്ലവകാരിയാണെന്ന ഭാഗമില്ല. അതേസമയം, മഹാത്മാ ഗാന്ധിയെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ സവര്‍ക്കര്‍ക്കെതിരായ ആരോപണം പിന്നീട് ഒഴിവാക്കിയെന്ന് പാഠപുസ്തകത്തില്‍ പറയുന്നു. അന്തമാന്‍ ജയിലില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയെന്ന് പാഠത്തില്‍ പറയുന്നു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന ഉപാധിയോടെ 1921 മേയ് രണ്ടിന് അദ്ദേഹത്തിനു മാപ്പ് നല്‍കി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന് പ്രചാരണം നടത്തിയ ഹിന്ദുത്വ ആചാര്യനായാണ് സവര്‍ക്കറെ പരിചയപ്പെടുത്തുന്നത്.
ഹിന്ദുത്വ വിരുദ്ധ നീക്കമാണിതെന്ന് പാഠപുസ്തകത്തിലെ മാറ്റത്തെ കുറിച്ച് പ്രതികരിച്ച മുന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി ആരോപിച്ചു. മഹാറാണാ പ്രതാപിനു പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കറെ അവഹേളിച്ചിരിക്കയാണ്. ഇത് അവരുടെ ഹിന്ദുത്വ വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണ്. ഒരു കുടുംബത്തെ മാത്രം മഹത്വവല്‍ക്കരിക്കുന്നവര്‍ മറ്റു മഹാന്മാരോട് ഇത്തരം നിലപാട് സ്വീകരിക്കുക സ്വാഭാവികമാണെന്നും വസുദേവ് ദേവ്‌നാനി പറഞ്ഞു.

 

Latest News