മുംബൈ- സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ച സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അമിത് അഗര്‍വാള്‍ എന്നിവര്‍ കമ്പനിയില്‍ നിന്ന് രാജിവച്ചു. വന്‍ കട ബാധ്യതയില്‍ മുങ്ങിയ കമ്പനിക്കു കരകയറാനുള്ള വഴികളൊന്നും തെളിയാത്ത സാഹചര്യത്തിലാണ് ഇവര്‍ കമ്പനി വിടുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് ഇവര്‍ പറയുന്നത്. കൂടുതല്‍ വിശദീകരണങ്ങളുമില്ല. അമിത് അഗര്‍വാളാണ് ആദ്യം രാജിവച്ചത്. തൊട്ടുപിന്നാലെയായിരുന്നു കമ്പനി മേധാവിയുടെ രാജി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായിരുന്ന ജെറ്റ് പാട്ടക്കാര്‍ക്കും പൈലറ്റുമാര്‍ക്കും ഇന്ധന കമ്പനികള്‍ക്കും മറ്റുള്ളവര്‍ക്കുമായി കോടികളാണ് കൊടുത്തു തീര്‍ക്കാനുള്ളത്. ബാങ്കുകള്‍ കൂടുതല്‍ വായ്പ നല്‍കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമാകുകയും ഏപ്രില്‍ 17-ന് എല്ലാ വിമാന സര്‍വീസുകളും കമ്പനി നിര്‍ത്തിവയ്ക്കുകയുമായിരുന്നു. സര്‍വീസ് പുനരാരംഭിക്കുന്നതിന് ഇതുവരെ ഒരു വഴിയും തെളിഞ്ഞിട്ടില്ല. അതിനിടെയാണ് കമ്പനി ഉന്നതരുടെ രാജി.