കുവൈത്ത് സിറ്റി- സ്വകാര്യ ഫാര്‍മസികളിലെ 291 ഇനം മരുന്നുകളുടെ വില കുറയ്ക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് ഡോ.ബാസില്‍ അല്‍ സബാഹ് ഉത്തരവിട്ടു. മരുന്നുകളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് വില കുറയ്ക്കുക.
ചില മരുന്നുകള്‍ക്ക് 50 ശതമാനം വരെ വിലയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മരുന്നുകള്‍ക്ക് വില നിര്‍ണയിക്കുന്നതിനുള്ള ഗള്‍ഫ് സമിതിയുടെ യോഗതീരുമാന പ്രകാരമാണ് വില കുറയ്ക്കുന്നത്. സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വിലക്കുറവ് പ്രാബല്യത്തില്‍ വരും.
രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മരുന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. വില നിര്‍ണയ സമിതി 570 ഇനം മരുന്നുകളുടെ വില വിലയിരുത്തിയാണ് തീരുമാനമെടുത്തത്. മേഖലയിലെ മറ്റു രാജ്യങ്ങളില്‍ ഓരോ മരുന്നിനും ഈടാക്കുന്ന വിലയും പരിശോധനാ വിധേയമാ!ക്കിയെന്ന് ശൈഖ് ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു.