Sorry, you need to enable JavaScript to visit this website.

ദുബായില്‍ വാടക കുറയുന്നു, നഗരം വിട്ടുപോയവര്‍ മടങ്ങുന്നു

ദുബായ്- താങ്ങാനാവാത്ത വാടക മൂലം മൂന്നു തവണ ഫ്‌ളാറ്റ് മാറിയ കൊടശ്ശേരി സ്വദേശി സഹദേവന്‍ സന്തോഷത്തിലാണ്. ദുബായില്‍ കെട്ടിട വാടകയില്‍ കുറവനുഭവപ്പെട്ടുതുടങ്ങി. അടുത്ത മൂന്നു വര്‍ഷം വാടക കൂടില്ലെന്നാണ് കരുതുന്നത്.
ബര്‍ദുബായ്, കരാമ തുടങ്ങിയ പ്രധാന താമസ കേന്ദ്രങ്ങളില്‍ അപാര്‍ട്‌മെന്റുകളുടെയും ഫഌറ്റുകളുടെയും വാടക 20 മുതല്‍ 25 ശതമാനം വരെ കുറയുന്നുണ്ട്. പുതുതായി എടുക്കുന്നവര്‍ക്കാണ് കുറഞ്ഞ വാടകക്ക് താമസ സ്ഥലം ലഭിക്കുന്നത്. ഇതോടെ ഷാര്‍ജ, അജ്മാന്‍ തുടങ്ങി ഉമ്മുല്‍ഖുവൈനില്‍ വരെ താമസമാക്കിയിരുന്നവര്‍ തിരിച്ചുവരുന്നുണ്ട്.
യു.എ.ഇയുടെ എല്ലാ ഭാഗത്തേക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ബര്‍ദുബായ്, കരാമ എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് താല്‍പര്യമേറാന്‍ കാരണം. 2009 ല്‍ ദുബായ് മെട്രോ വന്നതു മുതലാണ് ഈ പ്രദേശങ്ങളില്‍ കെട്ടിട വാടക കുത്തനെ ഉയര്‍ന്നത്. ഇതോടെ ഇവിടങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍ ഭൂരിഭാഗവും ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലേക്കും താരതമ്യേന വാടക കുറഞ്ഞ ദുബായിലെ റാഷിദിയ, ഖിസൈസ് ഭാഗങ്ങളിലേക്കും കൂടുമാറിയിരുന്നു.
ബര്‍ദുബായില്‍ എവിടെ താമസിച്ചാലും ഗുബൈബ ബസ് സ്‌റ്റേഷന്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെത്താന്‍ വളരെ എളുപ്പമാണ്. കരാമയില്‍ പ്രതിവര്‍ഷം 80,000 ദിര്‍ഹമുണ്ടായിരുന്ന ഇരുമുറി ഫഌറ്റിന് 68,000 മുതല്‍ 70,000 ദിര്‍ഹം വരെയായി കുറഞ്ഞിട്ടുണ്ടെന്ന് താമസക്കാര്‍ പറയുന്നു. ഒരു മുറി ഫഌറ്റിന് 65,000 ദിര്‍ഹമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 55,000 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. നിലവിലെ താമസക്കാര്‍ക്ക് വാടക കുറച്ചു നല്‍കാന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ തയാറാകുന്നില്ല.
ബര്‍ഷ മേഖലയില്‍ നേരത്തെ ഒരു മുറി ഫഌറ്റിന് 70,000 ദിര്‍ഹമായിരുന്നു വാടക. ഇപ്പോള്‍ 40,000 ദിര്‍ഹം വരെയായി. ഇരുമുറി ഫഌറ്റിനും വാടക കുറഞ്ഞ് 53,000 ദിര്‍ഹമായിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്ക് വാടക കൂട്ടാന്‍ പാടില്ലെന്ന നിയമം അടുത്തിടെ ദുബായില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഈ നിയമം നേരത്തേതന്നെ ഷാര്‍ജയില്‍ നടപ്പാക്കിയിട്ടുണ്ട്.

 

Latest News