നിര്‍ണായക ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ നീക്കങ്ങള്‍ക്കുമൊടുവില്‍ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ദളിത് നേതാവ് രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറായ കോവിന്ദിന്‍റെ പേര് ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപിച്ചത്. ദളിത് മോര്‍ച്ച മുന്‍ പ്രസിഡന്റായിരുന്നു. 71-കാരനായ കോവിന്ദ് ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. അഭിഭാഷകന്‍ കൂടിയായ കോവിന്ദ് 1994 മുതല്‍ 2006 വരെ രാജ്യസഭാംഗമായിരുന്നു.
രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാരിന്‍റെ ദളിത് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം നടന്നുവരുന്ന സാഹചര്യത്തില്‍ ദളിത് നേതാവായ കോവിന്ദിന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത് ശ്രദ്ധേയമാണ്. നേരത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സമവായ ചര്‍ച്ചകളുമായി പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി സമീപിച്ചിരുന്നെങ്കിലും പേര് വെളിപ്പെടുത്താതെ പിന്തുണ നല്‍കാനാവില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. തീവ്രഹിന്ദുത്വ മുഖമുള്ള വ്യക്തികളെ രാഷ്ട്രപതി സ്ഥാനാത്തേക്ക് തെരഞ്ഞെടുക്കുന്നതിന് അംഗീകരിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.