കൊളംബോ- പള്ളികളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ച് മുസ്ലിം വിരുദ്ധ കലാപം തുടരുന്ന ശ്രീലങ്കയില്‍ രാജ്യവ്യാപകമായി നിശാനിയമം നീട്ടി. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ.
ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് മുസ്ലിം വിരുദ്ധ കലാപം ആരംഭിച്ചത്. ചാവേര്‍ ആക്രമണങ്ങളില്‍ 250-ലേറ പേര്‍ കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച കത്തിക്കുത്തേറ്റ 42 കാരന്‍ മരിച്ചതായി മറവില ആശുപ്രതി അധികൃതര്‍ അറിയിച്ചു. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. ശ്രീലങ്കയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് വ്യാപക അക്രമം. ജനക്കൂട്ടം പള്ളികളും മുസ്ലിംകളുടെ വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ചു.
നൂറുകണക്കന് കലാപകാരികള്‍ പള്ളികളും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കുമ്പോള്‍ പോലീസും പട്ടാളവും നോക്കിനിന്നുവെന്ന് കോട്ടംപിറ്റിയ പ്രദേശത്തെ ഒരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തങ്ങളെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം തുടര്‍ന്നാല്‍ രാജ്യം അസ്ഥിരമാക്കപ്പെടുമെന്നും ചാവേര്‍ ആക്രമണത്തെ കുറിച്ച് സുരക്ഷാ സേന നടത്തുന്ന അന്വേഷണത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി രനില്‍ വിക്രമസിംഗെ പറഞ്ഞു. അക്രമത്തിന് ഇറങ്ങിപ്പുറപ്പെട്ട സംഘങ്ങളുടെ ലക്ഷ്യം ക്രമസമാധാനം തകര്‍ക്കകുയം രാജ്യത്തെ അസ്ഥിരപ്പെടുത്തുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.