ചെന്നൈ- മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു ഭീകരനെന്ന് പറഞ്ഞ കമല്‍ ഹാസന്റെ നാവരിയണമെന്ന് അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് ക്ഷീര വികസന മന്ത്രിയുമായ കെ.ടി. രാജേന്ദ്ര ബാലാജി.
ഹിന്ദു ഭീകരതയെ കുറിച്ച് പറഞ്ഞ കമല്‍ഹാസനെതിരെ നടപടി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ നിരോധിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണ് കമല്‍ ഹാസന്‍ ഇങ്ങനെ പറഞ്ഞത്. ഒരു വ്യക്തിയുടെ ചെയ്തിക്ക് മൊത്തം സമുദായത്തെ കുറ്റപ്പെടുത്താനാവില്ല-മന്ത്രി പറഞ്ഞു.
കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് അഞ്ച് ദിവസത്തെ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.