വാഷിംഗ്ടണ്‍- അമേരിക്കക്കെതിരെ എന്തെങ്കിലും നടപടിക്ക് മുതിര്‍ന്നാല്‍ അത് വലിയ അബദ്ധമാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ വിമാന വാഹിനിയും കൂടുതല്‍ പോര്‍വിമാനങ്ങളും എത്തിച്ചിരിക്കെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകകുയാണ്.
ഇറാന്റെ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അവര്‍ എന്തെങ്കിലും നടപടിക്ക് മുതിര്‍ന്നാല്‍ അത് ഭീമാബദ്ധമാകുമെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
അതിനിടെ, യു.എ.ഇ തീരത്ത് എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇറാന്റെ പങ്ക് കണ്ടെത്താന്‍ അമേരിക്ക അന്വേഷണം തുടരുകയാണ്. തെളിവുകള്‍ നല്‍കാന്‍ യു.എ.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനില്‍നിന്നുള്ള ഭീഷണികള്‍ യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളേയും നാറ്റോ ഉദ്യോഗസ്ഥരേയും അറിയിക്കാന്‍ രാവിലെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ബ്രസ്സല്‍സില്‍ എത്തിയിരുന്നു. മോസ്‌കോ സന്ദര്‍ശനം റാദ്ദാക്കിയാണ് പോംപിയോ ബ്രസ്സല്‍സിലെത്തി യൂറോപ്യന്‍ നേതാക്കളെ കണ്ടതെന്ന് അമേരിക്കയുടെ ഇറാന്‍ കാര്യപ്രത്യേക ദൂതന്‍ ബ്രയാന്‍ ഹൂക്ക് വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഞങ്ങള്‍ പരസ്യമായി പറയുന്നതിന്റെ ചില വിശദാശംങ്ങള്‍ പങ്കുവെക്കാനായിരുന്നു വിദേശ കാര്യ സെകട്ടറിയുടെ കൂടിക്കാഴ്ചയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
യു.എ.ഇ തീരത്ത് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ചും പോംപിയോ ബ്രസ്സല്‍സില്‍ ചര്‍ച്ച നടത്തിയതായി ഹൂക്ക് പറഞ്ഞു.
എണ്ണ ടാങ്കര്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് പോംപിയോ ആരോപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണത്തില്‍ സഹായിക്കാന്‍ യു.എ.ഇയോട് ആവശ്യപ്പെട്ടതായി ഹൂക്ക് പറഞ്ഞു. യു.എ.ഇയിലെ ഫുജൈറയില്‍ നങ്കൂരമിട്ട വാണിജ്യ കപ്പലുകളാണ് ആക്രമിക്കപ്പട്ടത്. ഇതില്‍ ഇറാനു പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല.