ന്യൂദൽഹി- ബംഗാളിൽ ബി.ജെ.പി സ്ഥിതി മെച്ചപ്പെടുത്തുമെന്ന സി.പി.എം മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരാമർശം വിവാദത്തിൽ. പരാമർശത്തിൽ പ്രകാശ് കാരാട്ട് പാർട്ടിക്ക് രേഖാമൂലം വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും ബംഗാളിൽ ഇനിയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാരാട്ട് നടത്തിയ അഭിപ്രായപ്രകടനം പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ബംഗാളിൽ ബിജെപിക്കു നേട്ടമുണ്ടാകുമെന്നും അമിത് ഷാ വിചാരിക്കുംപോലെ 23 സീറ്റ് ലഭിക്കില്ലെന്നുമാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇത്. ഇതിനെതിരെ പാർട്ടി ബംഗാൾ നേതാക്കൾ രംഗത്തെത്തി. കരാട്ടിനോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടിയിട്ടുണ്ടെന്ന് ബംഗാൾ സെക്രട്ടറി സൂർജ്യകാന്ത മിശ്ര വ്യക്തമാക്കി. തന്റെ പരാമർശം വളച്ചൊടിച്ചതാണെന്നും ധ്രുവീകരണമുണ്ടാക്കാൻ ബി.ജെ.പിയും തൃണമൂലും ശ്രമിക്കുന്നെന്നാണ് താൻ പറഞ്ഞതെന്നും കാരാട്ട് വ്യക്തമാക്കി.
ബംഗാളിലെ പാർട്ടി മുഖപത്രമായ ഗണശക്തിക്കു നൽകിയ അഭിമുഖത്തിൽ സി.പി.എം നേതാക്കൾ ബിജെപി അനുകൂല നിലപാടെടുക്കുന്നതിനെ ബുദ്ധദേവ് ഭട്ടചാര്യയും രൂക്ഷമായി വിമർശിച്ചിരുന്നു. തൃണമൂലല്ല, ബിജെപിയാണ് മുഖ്യശത്രുവെന്നാണ് മുൻബംഗാൾ മുഖ്യമന്ത്രി പറഞ്ഞത്. ഈ അഭിപ്രായത്തെ പിന്തുണച്ച് മണിക് സർക്കാരും രംഗത്തെത്തി. തൃണമൂലിനെ ഒതുക്കാൻ ബി.ജെ.പിയെ കൂട്ടുപിടിക്കുന്നത് പാർട്ടിയെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തിനെതിരെ പ്രകാശ് കാരാട്ട് വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ബി.ജെ.പി ബന്ധത്തിന്റെ പേരിൽ കാരാട്ടിനെ പ്രതിക്കൂട്ടിൽ നിർത്തി തിരിച്ചടിച്ചിരിക്കുകയാണ് ബംഗാൾ ഘടകം.