കോട്ടയം- വിവാദങ്ങള്‍ക്കു പിന്നാലെ പി.ജെ ജോസഫിനെ കേരള കോണ്‍ഗ്രസ് എം താല്‍ക്കാലിക ചെയര്‍മാനായി തെരഞ്ഞെടുത്തു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതു വരെയാണ് വര്‍ക്കിങ് ചെയര്‍മാനായിരുന്നു ജോസഫിന് ഈ പദവി നല്‍കിയിരിക്കുന്നത്. ചെയര്‍മാനേയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനേയും വൈകാതെ തിരഞ്ഞെടുക്കും. അന്തരിച്ച പാര്‍ട്ടി മുന്‍ ചെയര്മാന് കെ എം മാണിയുടെ മകന് ജോസ് കെ മാണിയെ ചെയര്മാന് ആക്കണമെന്നാവശ്യപ്പെട്ട് ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളില്‍ കോലാഹലമുണ്ടാക്കിയിരുന്നു. ഇങ്ങനെ നിര്‍ദേശമില്ലെന്നും ജില്ലാ പ്രസിഡന്റുമാരല്ല ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് വ്യക്തമാക്കുകയും ചെയ്തിരുന്നു. മാണി വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ട്.