പട്‌ന- യൂനിഫോമിന് പണം നല്‍കാത്തതിന്‍റെ പേരില്‍ ബിഹാറില്‍ സ്‌കൂള്‍ അധികൃതര്‍ പിഞ്ചു സഹോദരിമാരുടെ തുണിയുരിഞ്ഞു. ഒന്നാം ക്ലാസിലും നഴ്‌സറിയിലും പഠിക്കുന്ന കുട്ടികളെയാണ് ബെഗുന്‍സാരായിലെ ഒരു സ്വാകാര്യ സ്‌കൂള്‍ അധികൃതര്‍ ശിക്ഷിച്ചത്. രണ്ടു വീതം യൂനിഫോമുകള്‍ക്കായി 1600 രൂപയാണ് അടക്കേണ്ടിയിരുന്നത്. ക്ലാസുകള്‍ തുടങ്ങിയ ഏപ്രിലില്‍ തന്നെ യൂനിഫോമുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഈ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇതുവരെ പണം അടക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ക്ലാസ് ടീച്ചര്‍ ആയ അജ്ഞലി ദേവി ആറരയും അഞ്ചും വയസ്സുള്ള സഹോദരിമാരെ തുണിയുരിഞ്ഞ് അടിവസ്ത്രത്തില്‍ വീട്ടിലേക്കു മടക്കി അയച്ചത്.
സംഭവത്തെ കുറിച്ച് പരാതി പറയാനായി സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രധാനധ്യാപകന്‍ പണം അടക്കാത്തതിന് ഭീഷണിപ്പെടുത്തിയെന്നും കുട്ടികളുടെ പിതാവ് ചുന്‍ചുന്‍ കുമാര്‍ സാവു പറഞ്ഞു. ഇപ്പോള്‍ അല്‍പ്പം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും പണം അടക്കാന്‍ കുറച്ചു കൂടി സമയം അനുവദിക്കണെന്നും സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും സാവു പറഞ്ഞു. ചെറിയൊരു പെട്ടിക്കട നത്തുകയാണ് സാവു. സംഭവത്തെകുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സഹപാഠികള്‍ക്കു മുമ്പില്‍ അപമാനിതരായ കുട്ടികളെ സംഭവം മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നും ഇവരെ മറ്റൊരു സ്കൂളിലേക്കു മാറ്റാനുള്ള ശ്രമത്തിലാണെന്നും സാവു പറഞ്ഞു.
സംഭവം ഗുരുതരമാണെന്നും പോലീസ് അന്വേഷണത്തില്‍ കുട്ടികളെ അപമാനിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി രണ്‍ജീത്ത് കുമാര്‍ പറഞ്ഞു.