ന്യൂദല്‍ഹി- രാജസ്ഥാനിലെ അല്‍വാര്‍ കൂട്ടബലാല്‍സംഗ കേസിനെ ചൊല്ലിയുള്ള രാഷ്ട്രീയ വാഗ്വാദം പുതിയ തലത്തിലേക്ക്. ഈ കേസിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വൃത്തിക്കെട്ട രാഷ്ട്രീയ കളിക്കുകയാണെന്നും സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോഡിക്ക് സ്ത്രീകളോട് ബഹുമാനമില്ലെന്നും ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു. മോഡി ഭാര്യയെ ഉപേക്ഷിച്ച ആളായതിനാല്‍ ബിജെപിയുടെ വനിതാ നേതാക്കള്‍ക്കും ഭയമാണ്. ഇവരുടെ ഭര്‍ത്താക്കന്മാരെ മോഡി കണ്ടുമുട്ടുകയാണെങ്കില്‍ അവരും ഭാര്യമാരെ ഉപേക്ഷിക്കുമെന്നും മായാവതി പറഞ്ഞു. 'തങ്ങളുടെ ഭര്‍ത്താക്കന്മാരെ മോഡിക്കൊപ്പം കണ്ടാല്‍ ബിജെപിയിലെ വനിതാ നേതാക്കള്‍ക്ക് ഭയമാണ്. മോഡി തങ്ങളെ ഭര്‍ത്താക്കന്‍മാരില്‍ നിന്നും അകറ്റുമെന്നാണ് അവരുടെ ആശങ്ക'-മായാവതി പറഞ്ഞു.
്അല്‍വാറില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തെ ചൊല്ലിയാണ് മായാവതി-മോഡി വാഗ്വാദം. ഈ കേസില്‍ മായാവതി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് മായാവതി രൂക്ഷമായി പ്രതികരിച്ചത്.
അല്‍വാര്‍ കൂട്ടബലാല്‍സംഗ കേസില്‍ നരേന്ദ്ര മോഡി നിശബ്ദനാണ്. ഇതുപയോഗിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് ഗുണമുണ്ടാക്കാനാണു നീക്കം. ഇതു അങ്ങേയറ്റം നാണക്കേടാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം ഭാര്യ ഉപേക്ഷിച്ച അദ്ദേഹത്തിന് മറ്റുള്ളവരുടെ സഹോദരിമാരേയും ഭാര്യമാരേയും എങ്ങനെ ബഹുമാനിക്കാനാകും?-മായാവതി ചോദിച്ചു.
ഈ കേസ് ദളിത് വോട്ടുകളില്‍ കണ്ണുനട്ടാണ് മോഡി ഉപയോഗിക്കുന്നത്. ദളിത് വോട്ടുകളെ ആകര്‍ഷിക്കാന്‍ വ്യാജ ദളിത് സ്‌നേഹം പ്രകടിപ്പിക്കുകയാണ് മോഡി. സഹാറന്‍പൂരിലെ ശാബിര്‍പൂരിലുണ്ടായ സംഭവം ദളിതുകള്‍ മറന്നിട്ടില്ല. രോഹിത് വെമുലയേയും ഉന സംഭവത്തേയും ദളിതുകള്‍ മറന്നിട്ടില്ല- മായാവതി പറഞ്ഞു.