ദുബായ്- ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചെന്ന പരാതിയുമായി ഇന്ത്യക്കാരനായ ഭര്‍ത്താവ് രംഗത്ത്. ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മേയ് ഒമ്പതിനു ശസ്ത്രക്രിയയ്ക്കു വിധേയയായ മുംബൈ സ്വദേശിനി ബെറ്റി റിത ഫെര്‍ണാണ്ടസ് എന്ന 42-കാരിയാണ് മരിച്ചത്. ജന്മനാ ഇടുപ്പിനു സ്ഥാനഭ്രംശമുണ്ടായിരുന്ന ബെറ്റിയെ അല്‍ ബര്‍ഷയിലെ അല്‍ സഹ്റ ഹോസ്പിറ്റലിലാണ് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. കൗമാര പ്രായക്കാരായ രണ്ടു മക്കളുള്ള ബെറ്റി ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ആരോഗ്യ നില വളഷാകുകയുമായിരുന്നെന്ന് കുടുംബം പറയുന്നു. ഇതിനിടെ മറ്റൊരു ശസ്ത്രക്രിയയ്ക്കു കൂടി ആശുപത്രി അധികൃതര്‍ തങ്ങളുടെ അനുമതി തേടി. രക്തസ്രാവം കുറക്കാന്‍ അടിയന്ത്രി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും ഐസിയുവിലേക്കു മാറ്റുമെന്നും കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും ഓപറേഷന് തീയെറ്ററില്‍ വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.
എല്ലാ വിവരങ്ങളും പരിശോധനകളും സുതാര്യമായി തന്നെ ബെറ്റിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി സിഇഒ മൊഹയം അബ്ദല്‍ഗനി പറഞ്ഞു. ദുബായ് ഹെല്‍ത്ത് അതോറിറ്റി, ജോയിന്റ് കമ്മീഷന് ഇന്റര്‍നാഷണല്‍ ചട്ടങ്ങള്‍ പ്രകാരം ഈ സംഭവം പുനപ്പരിശോധിച്ചു വരികയാണെന്നും ആശുപത്രി അറിയിച്ചു.
ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ഈ കേസും അന്വേഷിച്ചു വരികയാണെന്നും ദുബായ് ആരോഗ്യ വകുപ്പ് ഹെല്‍ത്ത് റെഗുലേഷന് സെക്ടര്‍ സിഇഒ ഡോ. മര്വാന് അല്‍ മുല്ല പറഞ്ഞു.