കോഴിക്കോട്- കഴിഞ്ഞ വര്‍ഷം ഇസ്ലാം സ്വീകരിച്ച എഴുത്തുകാരന്‍ കമല്‍ സി ചവറ എന്ന കമല്‍സി നജ്മല്‍ നോമ്പിനെ കുറിച്ച് സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് വൈറലായി. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മൃതദേഹത്തിനോട് കാണിച്ച അനാദരവിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കമല്‍ സി ചവറ ഇസ്ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചത്.
ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
നോമ്പ് പടച്ചോനോട്
ഏറ്റവും ഹൃദ്യമായി സംവദിക്കാവുന്ന ആത്മനിവേദനം.
ഒരു പകലിലേറെ നീണ്ട് നില്ക്കുന്ന
ആത്മസമര്‍പ്പണം.
ഹജ്ജിനും , സക്കാത്തിനും, നമസ്‌ക്കാരത്തിനും
പ്രദര്‍ശനപരതയുണ്ടായിരിക്കേ,
അതില്‍ നിന്ന് പിന്‍വാങ്ങി
വിടരാതെ പടരുന്ന സുഗന്ധം.
മൊട്ടിട്ടുന്നതും വിടരുന്നതും
അത്മാവിന്റെ ചെറിയ അറകളില്‍ മാത്രം.
കാണാതെ പോവുന്ന
ഒരു പക്ഷേ പടച്ചോന് മാത്രം കാണാന്‍
കഴിയുന്ന ആത്മസമര്‍പ്പണത്തിന്റെ അഗ്‌നി.
അത് അതിനുള്ളില്‍ തിളയ്ക്കുന്ന തെളിമ.
എന്തുണ്ട് എന്നില്‍
അവശേഷിക്കന്ന നന്മ ?
എത്രയുണ്ട് ഉള്ളില്‍ എരിയുന്ന ഇസ്ലാം ?
എത്ര വെറുപ്പിനെ തള്ളാനാവും
എന്റെ സ്‌നേഹത്തിന് ?
ഇത് അത്മപരിശോധനയുടെ
നോമ്പ് കാലം
തിരിച്ച് പിടിക്കാന്‍ ബഹുദൂരം.
ഒന്ന് ചിരിക്കാന്‍,
തോളോട് ചേരാന്‍,
സലാം ചൊല്ലാന്‍,
ചേര്‍ത്ത് പിടിക്കാന്‍ മറന്ന നമുക്ക്
പരിശോധിക്കാന്‍
പഠിക്കാന്‍
പ്രണയിക്കാന്‍
ഒരു പൂക്കാലം.
ഈറനണിഞ്ഞ വസന്തം.
കണ്ണടയ്ക്കുമ്പോള്‍ വിരിയുന്ന പുഞ്ചിരി.
നിലാവിന്റെ ഓരത്ത്,
റബ്ബിന്റെ തീരത്ത്,
വിലപിക്കുന്നവന്റെ കൈ പിടിക്കാന്‍
പഠിക്കുന്ന ഞാന്‍.
എന്തൊക്കെയോ എന്ന് പറയുകിലും
എനിക്കത് ഇരച്ചു പെയ്യുന്ന പരിഹാസത്തിന്റെ
കൊടുങ്കാറ്റത്ത് കയറിയിരിക്കാനൊരു കൂര.
അതേ....
നോമ്പ് കാലം എനിക്ക് പകുതി നനയുന്ന കൂര.
ഈ കാന്‍വാസില്‍ നിങ്ങള്‍ എഴുതി തുടങ്ങുന്നില്ലെങ്കില്‍ പിന്നെ എഴുതാന്‍ മഷി
ബാക്കിയുണ്ടാവില്ല.
തീര്‍ച്ച,
റബ്ബേ...
റബ്ബേ...
റബ്ബേ...
ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തേണമേ.
ആമീന്‍.