കൊളംബോ- ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ ടൗണായ ചിലാവില്‍ മുസ്ലിം പള്ളികള്‍ക്കും മുസ്ലിം വ്യാപാരികളുടെ സ്ഥാപനങ്ങള്‍ക്കും നേരെ ഞായറാഴ്ച ആള്‍കൂട്ടം ആക്രമണം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഫേസ്ബുക്കിനും വാട്‌സാപ്പിനും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനും പടരാതിരിക്കാനുമാണ് നടപടി. സംഘര്‍ഷത്തെ തുടര്‍ന്ന് ചിലാവില്‍ ഞായറാഴ്ച പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. നിരവധി ആളുകള്‍ ചേര്‍ന്ന് പള്ളികള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ആക്രമണത്തിനിരയായ മൂന്ന് പള്ളികളില്‍ ഒരു പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇതിനു പുറമെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഒരു മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുകയും ചെയ്തായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വ്യാപകമായി ആക്രമണങ്ങള്‍ നേരിടുന്നതായി മുസ്ലിം സംഘടനകള്‍ പരാതിപ്പെടുന്നുണ്ട്.