ചെന്നൈ- തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു ഇന്ന് ചെന്നൈയില്‍ ദ്രാവിഡ മുന്നറ്റ കഴകം (ഡി.എം.കെ) പ്രസിഡന്റ് കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാത്ത ഫെഡറല്‍ മുന്നണി എന്ന ആശയം മുന്‍നിര്‍ത്തിയാണ് കെ.സി.ആര്‍ വിവിധ പാര്‍ട്ടി നേതാക്കളെ കാണുന്നത്.
ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ചക്ക് നേരത്തെ സമയം ചോദിച്ചപ്പോള്‍ പ്രചാരണ തിരക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം നിരസിച്ചിരുന്നു. ടി.ആര്‍.എസുമായി ഒരു തരത്തിലുള്ള ചര്‍ച്ചക്കുമില്ലെന്ന് ഡി.എം.കെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കെ.സി.ആര്‍ ശ്രമം ഉപേക്ഷിച്ചിട്ടില്ല. ക്ഷേത്ര ദര്‍ശനത്തിന്റെ ഭാഗമായാണ് കെ.സി.ആര്‍ ഇന്ന് തമിഴ്നാട്ടില്‍ എത്തുന്നത്.
നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാലിനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകളുണ്ടെന്നും ഇപ്പോള്‍ കൂടിക്കാഴ്ച സാധ്യമല്ലെന്നുമാണ് സ്റ്റാലിന്‍ അറിയിച്ചത്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ നേരത്തെ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി കേവല ഭൂരിപക്ഷത്തിന് അടുത്ത് എത്തിയാല്‍ അവസരം മുതലാക്കി വിലപേശല്‍ രാഷ്ട്രീയം നടപ്പാക്കാനുള്ള കെ.സി.ആറിന്റെ ആയുധമാണ് മൂന്നാം മുന്നണി നീക്കമെന്ന് സ്റ്റാലിന്‍ സംശയിക്കുന്നുണ്ട്.
പിണറായി വിജയനു പുറമെ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിയുമായും ഫെഡറല്‍ മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ച് കെ.സി.ആര്‍ ചര്‍ച്ച നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.