ന്യൂദല്‍ഹി- ഹിന്ദുക്കള്‍ മൃതദേഹം കത്തിക്കുമ്പോള്‍ മൃതദേഹം മറവു ചെയ്യാന്‍ പോലും ഭൂമി വേണ്ടവര്‍ വന്ദേമാതരം ചൊല്ലുന്നില്ലെന്ന മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും ബെഗുസാരായ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി അറിയിച്ച കമ്മീഷന്‍ ഭാവിയില്‍ മത പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് അദ്ദേഹത്തെ താക്കീത് ചെയ്തു.
ഏപ്രില്‍ 24 ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കൂടി പങ്കെടുത്ത റാലിയിലായിരുന്നു ഗിരിരാജ് സിംഗിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം. 'വന്ദേ മാതരം' എന്ന് പറയാത്തവര്‍, മാതൃഭൂമിയെ ബഹുമാനിക്കാത്തവര്‍ അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം. പലരും ഇവിടെ വര്‍ഗീയത പ്രസരിപ്പിക്കാന്‍ നോക്കുന്നുണ്ട്. ബിഹാറില്‍ ഞങ്ങളത് അനുവദിക്കില്ല - ഇങ്ങനെയായിരുന്നു ഗിരിരാജ് സിംഗിന്റെ വിവാദ പരാമര്‍ശം.