പാക് ദമ്പതികളെ നാടുകടത്തി; മലയാളിയുടെ ഭാര്യ ജയിലില്‍ തന്നെ

ബംഗളൂരു- ആധാര്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും സംഘടിപ്പിച്ച് ബംഗളൂരുവില്‍ അനധികൃതമായി താമസിച്ചിരുന്ന പാക്കിസ്ഥാനി ദമ്പതികളെ നാടുകടത്തി. കാശിഫ് ശംസുദ്ദീന്‍ (33), ഭാര്യ കിരണ്‍ ഗുലാം അലി (28) എന്നിവരെയാണ് തിരിച്ചയച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി മുഹമ്മദ് ശിഹാബിനെ വിവാഹം ചെയ്ത പാക്കിസ്ഥാന്‍ സ്വദേശിനി സമീറ അബ്ദുറഹ്മാനോടൊപ്പമാണ് ഇവര്‍ അനധികൃത മാര്‍ഗത്തിലൂടെ ഇന്ത്യയിലെത്തിയത്. സമീറ ജയിലില്‍ തുടരുകയാണ്.
ഖത്തര്‍, ഒമാന്‍, നേപ്പാള്‍ വഴിയാണ് മൂവരും ഇന്ത്യയിലേക്ക് കടന്നത്. ബംഗളൂരുവിലെ കുമാരസ്വാമി ലേഔട്ടിലായിരുന്നു താമസം.  മോഷ്ടിച്ചതെന്ന് കരുതുന്ന കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഇവര്‍ 2017 മേയില്‍ അറസ്റ്റിലായത്. വ്യാജ രേഖകളുണ്ടാക്കി ഇന്ത്യയില്‍ പ്രവേശിച്ചതിന് 21 മാസം ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്ന ഇവരെ ഉടന്‍തന്നെ നാടുകടത്താന്‍ കര്‍ണാടക ഹൈക്കോടതി ഈ മാസം എട്ടിന് ഉത്തരവിടുകയായിരുന്നു. രണ്ടാഴ്ചയാണ് കോടതി സമയം അനുവദിച്ചത്.
ഖത്തറില്‍ ജോലി ചെയ്തിരുന്ന മലയാളി മുഹമ്മദ് ശിഹാബിനെ വിവാഹം ചെയ്ത സമീറയെ ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ അവരുടെ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ നാടുകടത്തിയിരിക്കുന്ന ദമ്പതികളുമായി ഗൂഡാലോചന നടത്തി ഇന്ത്യയിലേക്ക് കടന്നത്. സമീറ ഇപ്പോള്‍ ബംഗളൂരു ജയിലില്‍ തടവ് അനുഭവിക്കുകയാണ്.
പാക് അധികൃതര്‍ പൗരത്വം സ്ഥിരീകരിക്കുന്നതുവരെ സര്‍ക്കാര്‍ അഭിഭാഷകന്‍ സാവകാശം ചോദിച്ചിരുന്നുവെങ്കിലും അനുമതി ആവശ്യമില്ലെന്നും ഉടന്‍ നാടുകടത്തണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പാക്കിസ്ഥാനി സ്വദേശികളെ സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ട് തീറ്റിപ്പോറ്റേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കറാച്ചിയിലെ ചക്രപോട്ട് സ്വദേശികളായ ദമ്പതികള്‍ക്കെതിരെ ഇന്ത്യയില്‍ മറ്റു കേസുകളില്ലാത്തതിനാല്‍ നാടുകടത്തുന്നതിന് വിദേശ മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.

 

Latest News