Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്ത് ഭിന്നിപ്പ്; മമതയും മായാവതിയും പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തേക്കില്ല

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപനത്തിനു മുന്നോടിയായ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുത്തേക്കില്ലെന്ന് റിപോര്‍ട്ട്. ഈ യോഗത്തിലേക്ക് ക്ഷണിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു മമതയെ ബംഗാളിലെത്തി കണ്ടിരുന്നെങ്കിലും അവര്‍ക്ക് പ്രതികൂലമായാണ് മറുപടി നല്‍കിയതെന്നാണ് വിവരം. മേയ് 23-ന് ഫലം വരുന്നതിനു മുമ്പായി ഇത്തരമൊരു പ്രതിപക്ഷ യോഗത്തിന്റെ ആവശ്യമില്ലെന്ന് മമത നായിഡുവിനെ അറിയിച്ചതായും സൂചനയുണ്ട്. മായാവതിയില്‍ നന്നും ഈ യോഗത്തോട് അനുകൂല സമീപനമല്ല ഉണ്ടായിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി ആരാകും എന്ന ചോദ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നതയ്ക്കു കാരണമെന്ന് കരുതപ്പെടുന്നു. ഫലം വരുന്നതിനു മുമ്പ് ചേരുന്ന യോഗത്തില്‍ ഈ ചര്‍ച്ച വരും. ഇതൊഴിവാക്കാനാണ് നേതാക്കള്‍ മാറി നില്‍ക്കുന്നത്. മമതയും മയാവാതിയും പ്രധാനമന്ത്രി പദവില്‍ കണ്ണുവച്ചിരിക്കുകയാണെന്നു റിപോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി ആരാകുമെന്ന ചോദ്യത്തെ ഇതുവരെ പ്രതിപക്ഷ പാര്‍ട്ടികളൊന്നും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ചില പാര്‍ട്ടികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഈ പദവിയിലേക്ക് പിന്തുണയ്ക്കുന്നുണ്ട്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലാത്ത മമതയും മായാവതിയും കടുത്ത് നിലപാടില്‍ തന്നെ തുടരുകയാണ്. കോണ്‍ഗ്രസിനോട് പരസ്യമായി പോരിലുള്ള മായാവതി തന്റെ ആഗ്രഹം ഈയിടെ പരസ്യമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാകാര്യങ്ങളും ശരിയായി നടന്നാല്‍ തനിക്ക് യുപിയിലെ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കേണ്ടി വരുമെന്നായിരുന്നു മായാവതിയുടെ പ്രസ്താവന.
 

Latest News