കോട്ടയം- കെ എം മാണിയുടെ പിന്‍ഗാമിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് പദവിയിലേക്ക് ആരെ നിയമിക്കണമെന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ കലഹം. മാണിയുടെ മകന് ജോസ് കെ മാണി എംപിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തെത്തി. ഇവര്‍ ഡെപ്യൂട്ടി ചെയര്മാന് സി.എഫ് തോമസുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫിനെ ചെയര്‍മാനാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തെ മറികടക്കാനാണ് മാണി വിഭാഗം കരുനീക്കങ്ങള്‍ നടത്തുന്നത്. ജോസ് കെ മാണിയെ ചെയര്‍മാനും സി.എഫ് തോമസിനെ പാര്‍ലമെന്ററി നേതാവായും നിയമിച്ച് പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് മാണി വിഭാഗത്തിന്റെ ശ്രമം. പി.ജെ ജോസഫിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രമായ 'പ്രതിച്ഛായ'യില്‍ ലേഖനം വന്നിരുന്നു.
്അതേസമയം ജോസ് കെ മാണിയെ ചെയര്‍മാനാക്കാന്‍ നിര്‍ദേശമില്ലെന്ന് ജോസഫ് വ്യക്തമാക്കി. സിഎഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും നിര്‍ദേശമില്ല. ജില്ലാ പ്രസിഡന്റുമാരല്ല, പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. ഒരു വിഭാഗത്തിനു മാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദേശം വരുമെന്ന് കരുതുന്നില്ലെന്നും ജോസഫ് പറഞ്ഞു.
ഈ നീക്കത്തില്‍ സിഎഫി തോമസിനു അതൃപ്തി ഉള്ളതായും റിപോര്‍ട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ അദ്ദേഹം അതൃപ്തി അറിയിക്കുകയും ഈ നീക്കങ്ങള്‍ ഉചിതമല്ലെന്ന് അവരോട് പറയുകയും ചെയ്തിരുന്നു. ജോസ് കെ മാണിയും ഇതേ നിലപാടാണ് തന്നെ കാണാനെത്തിയ നേതാക്കളെ അറിയച്ചതെന്നാണ് വിവരം.