ഇസ്ലാമാബാദ്- നിരോധിത സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ജമാഅത്തുദ്ദഅവ, ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധമുള്ള 11 സംഘടനകളെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ കര്‍മ പദ്ധതിയുടെ ഭാഗമായാണ് നടപടി. കശ്മീരിലെ പുല്‍വാമയില്‍ 40 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ട ജയ്ഷ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരുന്നു. തുടര്‍ന്നാണ് ജമാഅത്തുദ്ദഅവ, ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നീ സംഘടനകളെ നിരോധിക്കാനും ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി ശക്തമാക്കാനും ഫെബ്രുവരിയില്‍ ദേശീയ സുരക്ഷാ സമിതി തീരുമാനിച്ചത്. 2002ല്‍ മുന്‍പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷര്‍റഫ് നിരോധിച്ച സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്.
ഈ സംഘടനകളുടെ ഓഫീസുകളും ഭരണ കേന്ദ്രങ്ങളും സ്ഥാപനങ്ങളും സര്‍ക്കാര്‍ മാര്‍ച്ചില്‍ അടപ്പിച്ചിരുന്നു. ഇവര്‍ നടത്തിയിരുന്ന പള്ളികളിലേയും മദ്രസകളിലേയും മതാധ്യാപകരേയും ആത്മീയ നേതാക്കളേയും പിരിച്ചുവിടുകയും പകരം ഔഖാഫ് വകുപ്പ് നിയമനം നടത്തുകയും ചെയ്തിട്ടുണ്ട്.