നോയ്ഡ- നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സംഘം ഗ്രെയ്റ്റര്‍ നോയ്ഡയിലെ ഒരു വീട്ടില്‍ നിന്ന് 1,818 കിലോ മയക്കുമരുന്ന് വ്യാഴാഴ്ച പിടിച്ചെടുത്തത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്ന് പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഒരു ഐപിഎസ് ഓഫീസറുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് ഇതു പിടികൂടിയത്. വിപണിയില്‍ ആയിരം കോടി രൂപയോളം വിലവരുമിത്. രണ്ടു നൈജീരിയക്കാരേയും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനേയും പോലീസ് മയക്കുമരുന്നിനൊപ്പം പിടികൂടിയിട്ടുണ്ട്. ഈ വീട് ഒരു മയക്കുമരുന്ന് ഉല്‍പ്പാദന കേന്ദ്രമായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് എന്‍സിബി ഓഫീസര്‍മാര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനിടെ ലോകത്തെ ഏറ്റവും വലിയ സ്യൂഡോഫെഡ്രിന്‍ വേട്ടയാണിതെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ മാധവ് സിങ് പറഞ്ഞു. ഇവിടെ നിന്ന് 1.9 കിലോ കൊക്കെയ്‌നും പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ദുബായ് വഴി ജോഹനസ്ബര്‍ഗിലേക്കു പോകാനെത്തിയ ദക്ഷിണാഫ്രിക്കക്കാരി 31 വയസ്സുള്ള നോംസ ലുടാലോയില്‍ നിന്നും വ്യാഴാഴ്ച മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗ്രെയ്റ്റര്‍ നോയ്ഡയിലെ രഹസ്യ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് എന്‍സിബി സംഘം ഇവിടെ എത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്ന് പിടികൂടിയ നൈജീരിയക്കാരാണ് മയക്കുമരുന്ന് ജോഹനസ്ബര്‍ഗിലെത്തിക്കാന്‍ യുവതിയെ ഏല്‍പ്പിച്ചിരുന്നത്. നല്ല തുക പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.
മയക്കു മരുന്ന് ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന മരുന്നാണ് സ്യൂഡോഫെഡ്രിന്‍. ഇത് ഇറക്കുമതി ചെയ്യാന്‍ നാര്‍കോട്ടിക്‌സ് കമ്മീഷണറുടെ അനുമതി പത്രം ആവശ്യമാണ്. മയക്കുമരുന്ന് ദുരുപയോഗം തടയാന്‍ യുഎന്‍ നിയന്ത്രണമേര്‍പ്പെടുത്തിയ 23 മരുന്നുകളില്‍ ഒന്നാണിത്. അനധികൃത മാര്‍ഗങ്ങളിലൂടെയാണ് സ്യൂഡോഫെഡ്രിന്‍ ശേഖരിച്ചതെന്ന് പിടിയിലായ നൈജീരിക്കാര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.