വാഷിംഗ്ടണ്‍- അമേരിക്കന്‍ സേന പിന്മറിയാല്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുന്ന വലിയ അപകടം സംഭവിക്കുമെന്ന് മുന്‍ യു.എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ്.
അഫ്ഗാനില്‍നിന്ന് 12,000 സൈനികരെ പിന്‍വലിക്കുന്നതിനു മുമ്പ് അവിടത്തെ സര്‍ക്കാര്‍ സ്ഥിരത കൈവരിച്ചതായി ഡോണള്‍ഡ് ട്രംപ് ഭരണ കൂടം ഉറപ്പാക്കണമെന്ന് സ.ിബി.എസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബറാക് ഒബാമ ഭരണത്തില്‍ 2006 മുതല്‍ 2011 വരെയാണ് ഗേറ്റ്‌സ് പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്.
അഫ്ഗാനിസ്ഥാന്റെ ഭാവയില്‍ നിലവിലെ സര്‍ക്കാരിന്റെ നിലനില്‍പ് സുപ്രധാനമാണ്. യു.എസ് സൈനികരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിനു മുമ്പ് പരിഗണിക്കേണ്ട വിഷയമാണിത്. യു.എസ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം അഫ്ഗാനില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വനിതകളുടെ അവകാശങ്ങള്‍ പാടേ ഹനിക്കപ്പെടുമെന്നും ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് ആയുധം താഴെ വെക്കാന്‍ യു.എസ് ഭരണകൂടം താലിബാനില്‍ സമ്മര്‍ദം തുടരുകയാണ്. അഫ്ഗാന്‍ സമാധാന കരാറുണ്ടാക്കുന്നതിന് ഖത്തറില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കയുടേയും താലിബാന്റേയും പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും അഫ്ഗാനില്‍ യു.എസ് സൈനികരുടെ എണ്ണം കുറക്കാനും ഭീകരവിരുദ്ധ നടപടികളില്‍ മാത്രം കേന്ദ്രീകരിക്കാനും സാധിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ഈയിടെ വ്യക്തമാക്കിയിരുന്നു.