ന്യൂദൽഹി- ഹോക്കി വേൾഡ് ലീഗ് സെമിഫൈനൽസിന്റെ ക്വാർട്ടർ ഫൈനൽസിൽ പാക്കിസ്ഥാനെ ഇന്ത്യ 7-1 ന് നിരപ്പാക്കി. ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനോട് തോറ്റതിന്റെ നിരാശ അൽപം കുറക്കുന്നതായി ഹോക്കിയിലെ മികവുറ്റ വിജയം. തുടക്കം മുതൽ ആക്രമിച്ച ഇന്ത്യക്കുവേണ്ടി തൽവീന്ദർ സിംഗും ഹർമൻപ്രീത് സിംഗും ആകാശ്ദീപ് സിംഗും രണ്ടു വീതം ഗോളടിച്ചു. പൂൾ ബി-യിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
സ്‌കോട്‌ലന്റിനെയും കാനഡയെയും നേരത്തെ ഇന്ത്യ തോൽപിച്ചിരുന്നു. പാക്കിസ്ഥാന് മൂന്നാമത്തെ കനത്ത തോൽവിയാണ് ഇത്. നെതർലാന്റ്‌സിനോട് 0-4 നും കാനഡയോട് 0-6 നും അവർ തോറ്റിരുന്നു.
ആദ്യ ക്വാർട്ടറിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. പെനാൽട്ടി കോർണറിൽനിന്ന് ഹർമൻപ്രീതാണ് ലക്ഷ്യം കണ്ടത്. രണ്ടാം ക്വാർട്ടറിൽ തൽവീന്ദർ ലീഡുയർത്തി. ഇരുപത്തൊന്നാം മിനിറ്റിലായിരുന്നു ഗോൾ. ഇരുപത്തിനാലാം മിനിറ്റിൽ മനോഹരമായ ഫീൽഡ് ഗോളിലൂടെ തൽവീന്ദർ ഇന്ത്യയുടെ ആധിപത്യമുറപ്പിച്ചു. പിന്നീട് പാക്കിസ്ഥാൻ തുടരെ ആക്രമിച്ചുകയറിയെങ്കിലും ഗോളടിക്കാനായില്ല.
മൂന്നാം ക്വാർട്ടറിൽ ഹർമൻപ്രീത് ലീഡ് 4-0 ആക്കി. പാക്കിസ്ഥാന്റെ ആക്രമണങ്ങൾക്കൊന്നും ഇന്ത്യൻ പ്രതിരോധം പിളർക്കാനായില്ല. അവർക്കു രണ്ടു പെനാൽട്ടി കോർണർ കിട്ടിയെങ്കിലും ഗോളി വികാസ് ദഹിയ അവസരത്തിനൊത്തുയർന്നു. സർദാർ സിംഗിന്റെ ചന്തമുള്ള പാസിൽനിന്ന് ആകാശ്ദീപ് അഞ്ചാമത്തെ ഗോളുമടിച്ചു. ഉജ്വല ഗോളോടെ പ്രദീപ് മോറും സ്‌കോർ ബുക്കിൽ സ്ഥാനം പിടിച്ചു.
പാക്കിസ്ഥാന് അവരുടെ ഒരേയൊരു ഗോൾ കണ്ടെത്താൻ അമ്പത്തേഴാം മിനിറ്റ് വരെ പൊരുതേണ്ടി വന്നു. മുഹമ്മദ് ഉമർ ഭൂട്ടയാണ് ലക്ഷ്യം കണ്ടത്. അമ്പത്തൊമ്പതാം മിനിറ്റിൽ ആകാശ്ദീപ് ഗോളടിച്ചതോടെ ഇന്ത്യ ആറു ഗോൾ ലീഡ് വീണ്ടെടുത്തു.