ന്യൂദല്‍ഹി- വിലായ ഓഫ് ഹിന്ദ് എന്ന പേരില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു പ്രവിശ്യ സ്ഥാപിച്ചെന്ന് ഭീകരസംഘടനയായ ഐഎസ് അവകാശവാദം. ഇവരുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് പുതിയ പ്രവിശ്യയുടെ പ്രഖ്യാപനം വെള്ളിയാഴ്ച വൈകി നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. കശ്മീരിലെ അംഷിപോറ, ഷോപിയാന്‍ ജില്ലകളില്‍ ഇന്ത്യന്‍ സൈനികരെ പരിക്കേല്‍പ്പിക്കാന്‍ കഴിഞ്ഞതായും ഇവര്‍ അവകാശപ്പെടുന്നു. ഇറാഖിലും സിറിയയിലും വലിയ ഭൂപ്രദേശം കയ്യടിക്കവെച്ചിരുന്ന ഐഎസിനെ സഖ്യസൈന്യം പരാജയപ്പെടുത്തി തുരത്തിയോടിച്ചതിനു ശേഷം ആദ്യമായാണ് ഒരു പ്രവിശ്യ സ്ഥാപിച്ചതായി ഈ ഭീകരസംഘടന അവകാശപ്പെടുന്നത്.
ഷോപിയാനില്‍ ഇഷ്ഫാഖ് അഹമദ് സോഫി എന്ന ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് ജമ്മു കശ്മീര്‍ പോലീസിന്റെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ഐഎസ് അവകാശവാദവും വന്നത്. ഐഎസില്‍ ചേരുന്നതിനു മുമ്പ് സോഫി കശ്മീരിലെ വിവിധ ഭീകരസംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നതായും സുരക്ഷാ സേനാ വൃത്തങ്ങള്‍ പറയുന്നു.