ശുജല്‍പൂര്‍ (മധ്യപ്രദേശ്)- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തന്നോട് വ്യക്തിവിദ്വേഷമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതൊരു സ്‌നേഹസമ്പന്ന രാജ്യമാണ്. എന്നാല്‍ അദ്ദേഹം ഉള്ളില്‍ വിദ്വേഷവുമായാണ് നടക്കുന്നത്. പൊതുപരിപാടികളില്‍ ഞാന്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം കാണുന്നു. എന്നിട്ടു പോലും അദ്ദേഹം ഒന്നും മിണ്ടാറില്ല. ബഹുമാനത്തോടെ ഞാന്‍ സംസാരിക്കാറുണ്ട്. എന്നാല്‍ മറുപടി പറയാറില്ല- രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ ശുജല്‍പൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാഹുല്‍ എന്‍ഡിടിവിയുടെ രവീഷ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
പ്രസ്താവനകള്‍ ഇറക്കലും പ്രസംഗിക്കലുമാണ് പ്രധാനമന്തരിയുടെ ജോലിയെന്നാണ് നരേന്ദ്ര മോഡി ധരിച്ചിരിക്കുന്നത്. തന്ത്രങ്ങള്‍ ഉപയോഗിച്ചു ജോലി ചെയ്യുകയാണ് പ്രധാനമന്ത്രിയുടെ ജോലി. അദ്ദേഹ ജോലികളില്‍ ഒരു തന്ത്രങ്ങളുമില്ല. ജമ്മു കശ്മീരിലേക്കു നോക്കു. ഞാനും മന്‍മോഹന്‍സിങും ഒമ്പതു വര്‍ഷം കഠിന പ്രയത്‌നമാണ് ചെയ്തത്. അവിടെ പഞ്ചായത്തീരാജ് ശക്തിപ്പെടുത്തി. സ്ത്രീകളെ ശാക്തീകരിച്ചു. എല്ലാം പാഴായി- രാഹുല്‍ പറഞ്ഞു. എങ്ങനെ ഒരു രാജ്യത്തെ മുന്നോട്ടു നയിച്ചുകൂടാ എന്നാണ് മോഡി കാണിച്ചു തന്നത്. ഇരാജ്യത്ത് ഒറ്റപ്പാര്‍ട്ടി ഭരണം ആഗ്രഹിക്കുന്നവരോടും ആര്‍എസ്എസിനോടുമാണ് ഞങ്ങളുടെ പോരാട്ടം. പുരോഗനമ പ്രസ്ഥാനങ്ങള്‍ ബിജെപി-ആര്‍എസ്എസുമായാണ് പൊരുതുന്നത്-രാഹുല്‍ പറഞ്ഞു.