തൂനിസ്- തുനീഷ്യന്‍ തീരത്ത് മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി ചുരുങ്ങിയത് 65 പേര്‍ മരിച്ചു. 16 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി യു.എന്നിന്റെ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.എച്ച്.സി.ആര്‍) പത്രക്കുറിപ്പില്‍ അറിയിച്ചു. ലിബിയയിലെ സുവാറയില്‍നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ബോട്ട് ഉയര്‍ന്ന തിരമാലകളില്‍ മുങ്ങുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യ നാലുമാസത്തിനിടെ ലിബിയയില്‍നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ടവരില്‍ 164 പേര്‍ ബോട്ട് മുങ്ങിയും മറ്റും മരിച്ചതായി യു.എന്‍ ഏജന്‍സിയുടെ കണക്ക് വ്യക്തമാക്കുന്നു.
ഈ വര്‍ഷം അഭയാര്‍ഥികള്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ ബോട്ട് ദുരന്തമാണ് തുനീഷ്യന്‍ തീരത്തുണ്ടായത്. രക്ഷപ്പെടുത്തിയവരെ തുനീഷ്യന്‍ നേവി കരയിലെത്തിച്ചു. ചികിത്സക്കായി ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.
മീന്‍പിടിത്തക്കാരുടെ ബോട്ടില്‍നിന്ന് വിവരം ലഭിച്ചയുടന്‍ തുനീഷന്‍ നേവി രക്ഷാ ദൗത്യത്തിനായി കപ്പല്‍ അയച്ചിരുന്നു. ആഫ്രിക്കക്കാരണ് അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്നത്.