ഗുവാഹത്തി- അസമിലെ ഹയ്‌ലാകണ്ടി പട്ടണത്തില്‍ മുസ്്‌ലിം പള്ളിക്ക് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. സമാധാനം ഉറപ്പുവരുത്തുന്നതിന് സൈന്യത്തെ വിളിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉത്തരവിട്ടു. ഞായറാഴ്ച വൈകിട്ട് ഏഴു മണിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തി ജല്ലി അറിയിച്ചു.
വെള്ളിയാഴ്ച വാഹനങ്ങള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്ത ആള്‍ക്കൂട്ടത്തെ പരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ആകാശത്തേക്ക് അഞ്ച് റൗണ്ട് വെടിവെക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസം മുമ്പ് ഇവിടെ പള്ളിയിലെത്തിയവരുടെ വാഹനങ്ങള്‍ അജ്ഞാതര്‍ കേടുവരുത്തിയിരുന്നു. പള്ളി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മാര്‍വാഡി പ്രദേശത്തെ പള്ളിക്ക് പുറത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‌കരിക്കാന്‍ നിന്നവര്‍ക്കുനേരെ ഏതാനും യുവാക്കള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്നുണ്ടായ കല്ലേറിലും മറ്റുമായി മൂന്ന് പോലീസുകാരടക്കം 15 പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ നിരവധി കടകള്‍ തകര്‍ത്തു.
ബറാക് താഴ്‌വരയിലാണ് ഹയിലാകണ്ടി ടൗണ്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തിലായിരുന്നു ഇവിടെ പ്രധാനമായും പ്രചാരണം. അനധികൃത താമസക്കാരെ പുറത്താക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പൗരത്വ രജിസ്റ്ററും പ്രദേശത്ത് പ്രതിഷേധത്തനു കാരണമായിരുന്നു.
2012 ജൂലൈയില്‍ അസമിലെ കൊക്രജര്‍, ധുബ്രി, ചിറാങ് ജില്ലകളില്‍ ബോഡോകള്‍ മുസ്്‌ലിംകള്‍ക്കുനേരെ നടത്തിയ കലാപത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു.