റണ്‍വേയില്‍ വിമാന ടയറിന്റെ ഭാഗങ്ങള്‍; എയര്‍ ഇന്ത്യയുടേതെന്ന് കണ്ടെത്തി

ന്യൂദല്‍ഹി- ദല്‍ഹി എയര്‍പോര്‍ട്ട് റണ്‍വേയില്‍ വിമാന ടയറിന്റെ കഷണങ്ങള്‍ കണ്ടെത്തിയത് പരിഭ്രാന്തിക്ക് കാരണമായി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് റണ്‍വേകളിലൊന്നിലാണ് ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനെത്തിയ എയര്‍ഇന്ത്യ വിമാനത്തെ തടഞ്ഞ് റണ്‍വേ മുഴുവന്‍ പരിശോധിച്ചു. ടയര്‍ കഷണങ്ങള്‍ കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് പറന്നുയര്‍ന്ന ആറ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ലാന്‍ഡ് ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
റോമില്‍ സുരക്ഷിതമായി ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ ഭാഗങ്ങളാണെന്ന് കണ്ടെത്തിയ ശേഷമാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായത്. മിനിറ്റുകള്‍ക്കകം വിമാനം തിരിച്ചറിയാനായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൂട് കാരണം വിമാന ടയറിന്റെ പുറംഭാഗം ഇളകിപ്പോകാമെന്നും ഇങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട വിമാനത്തിന്റെ പൈലറ്റിനെ അറിയിച്ച് ലാന്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുകയാണ് പതിവെന്നും വിദഗ്ധര്‍ പറയുന്നു.
ബുധനാഴ്ച ഉച്ചക്ക് 1.50ന് ഭുവനേശ്വര്‍-ദല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ജീവനക്കാരാണ് റണ്‍വേ 29 ല്‍നിന്ന് ടയറിന്റെ ഭാഗങ്ങള്‍ ലഭിച്ചതായി എ.ടി.സി അധികൃതരെ അറിയിച്ചത്. ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയ റണ്‍വെയാണ് ഇത്.
ദല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ 15 മിനിറ്റോളം റണ്‍വേ അടച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

 

Latest News