Sorry, you need to enable JavaScript to visit this website.

സ്ഥാനാര്‍ത്ഥി എസി കാറിനുള്ളില്‍, പുറത്ത് കൈവീശി 'ഡ്യൂപ്ലികേറ്റ്'; ബിജെപിയുടെ ഗൗതം ഗംഭീറിന്റെ പ്രചാരണം ഇങ്ങനെ

ന്യൂദല്‍ഹി- ദല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിയുടെ ഡ്യൂപിനെ ഇറക്കി തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ ബിജെപിയെ മുഖ്യ എതിരാളിയായ എഎപി തുറന്നു കാട്ടി. ഈസ്റ്റ് ദല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആള്‍മാറാട്ടം നടത്തിയത്. സ്ഥാനാര്‍ത്ഥിയായ ഗംഭീര്‍ എസി കാറിനുള്ളില്‍ സുഖമായി ഇരിക്കുകയും ഇതേ കാറിനു പുരത്ത് ഗംഭീറിനോട് രൂപസാദൃശ്യമുള്ള ഡ്യൂപിനെ സ്ഥാനാര്‍ത്ഥിയെന്ന വ്യാജേന നിര്‍ത്തുകയും ചെയ്‌തെന്ന് എഎപി ആരോപിച്ചു. തെളിവായി ഫോട്ടോയും എഎപി പുറത്തു വിട്ടിട്ടുണ്ട്്. 

സിനിമയിലെ സ്റ്റണ്ട് രംഗങ്ങളിലും ക്രിക്കറ്റില്‍ റണ്ണര്‍മാരായും ഡ്യൂപിനേയും പകരക്കാരേയും രംഗത്തിറക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇതാദ്യമായാണ് ഡ്യൂപ്ലിക്കേറ്റിനെ ഇറക്കിയിരിക്കുന്നതെന്ന് എഎപി നേതാവ് മനീഷ് സിസോദിയ ട്വീറ്റിലൂടെ പ്രതികരിച്ചു. വോട്ടര്‍മാര്‍ പൂമാല ചാര്‍ത്തിക്കൊടുക്കുന്നതും ഡ്യൂപ്ലികേറ്റിനാണ്. യാര്‍ത്ഥത്തില്‍ ഈ ഡ്യൂപ് ഒരു കോണ്‍ഗ്രസുകാരനാണെന്നും സിസോദിയ ആരോപിച്ചു.

ദല്‍ഹിയില്‍ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമായി ഈസ്റ്റ് ദല്‍ഹി മാറിയിരിക്കുകയാണ്. എഎപി സ്ഥാനാര്‍ത്ഥി അതിഷിക്കെതിരെ അപകീര്‍ത്തിപരമായ ലഘുലേഖ വിതരണം ചെയ്തതിനു പിന്നില്‍ ഗംഭീറാണെന്ന് എഎപി ആരോപിച്ചിരുന്നു. തന്നെ പോലുള്ള ഒരു സ്ത്രീയെ തോല്‍പ്പിക്കാന്‍ ഇത്രത്തോളം തരംതാഴുമെങ്കില്‍ അദ്ദേഹം ഒരു എംപി എന്ന നിലയില്‍ സ്ത്രീകളുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്തുമെന്നും അതിഷി ചോദിച്ചിരുന്നു.

Latest News