കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി നിലജ്ഞന്‍ റോയ് 17കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പോക്‌സോ നിയമപ്രകാരം റോയ്‌ക്കെതിരെ കേസെടുത്തു. പരാതി പറയാനായി പെണ്‍കുട്ടിയും അച്ഛനും റോയിയെ കാണാനെത്തിയപ്പോഴാണ് മാനഭംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഏപ്രില്‍ 26നാണ് സംഭവം. ഫള്‍ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും വൈദ്യ പരിശോധന നടത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പോലീസ് ഇതുവരെ റോയിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനന്യ ചാറ്റര്‍ജി ചക്രബര്‍ത്തി പറഞ്ഞു.
സംഭവത്തെ കുറിച്ച് വെള്ളിയാഴ്ചയാണ് കമ്മീഷന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പ്രതി റോയിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇത് തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ച കേസാണെന്ന് സംസ്ഥാന ബിജെപി പറയുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ബിജെപി ഉപാധ്യക്ഷന്‍ ജയ്പ്രകാശ് മജുംദാര്‍ പറഞ്ഞു.
മേയ് 19ന് വോട്ടെടുപ്പു നടക്കുന്ന ഡയമണ്ട് ഹാര്‍ബറില്‍ റോയ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയോടാണ് മത്സരിക്കുന്നത്.