ന്യൂദല്‍ഹി- അസമിലെ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹരജി.
പൗരത്വ രജിസ്റ്റര്‍ പ്രകിയക്ക് അമിത് ഷാ മതത്തിന്റെ നിറം നല്‍കുകയാണെന്നും ഇത് അസമിലെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അസം ആന്ദോളന്‍ സംഗ്രാമി മഞ്ച് സമര്‍പ്പിച്ച ഹരജിയില്‍ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ നീതിന്യായ പ്രക്രിയയെ അട്ടിമറിക്കാനാണ് ശ്രമമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ആദ്യം പൗരത്വ ഭേദഗതി ബില്ലാണെന്നും രണ്ടാമതാണ് പൗരത്വ രജിസ്‌ട്രേഷനെന്നുമുള്ള അമിത് ഷായുടെ പ്രസ്താവനയാണ് ഹരജിയുടെ അടിസ്ഥാനം.
ഈ പ്രസ്താവന അസം ജനതയെ ഞെട്ടിച്ചുവെന്നും അവരെ ഭീതിയിലാക്കുന്നതാണിതെന്നും സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ക്രൈസ്തവര്‍ക്കും അസമില്‍ പൗരത്വം നല്‍കുന്നതാണ് 1955 ലെ നിയമത്തില്‍ വരുത്തുന്ന ഭേദഗതി. പൗരത്വ ഭേദഗതി നീക്കത്തെ അസമിലെ വിവിധ സംഘടനകള്‍ ശക്തിയായി എതിര്‍ക്കുകയാണ്. പൗരത്വം നല്‍കാനുള്ള നീക്കം അസമിലെ തദ്ദേശീയ ജനതയുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്നാണ് പരാതി.