ന്യൂദല്‍ഹി- ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ ഭൂമി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്കു സുപ്രീം കോടതി ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി. സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് അധിക സമയം അനുവദിക്കണമെന്ന് സമിതി ആവശ്യപ്പെടുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ചത്. സമിതിയുടെ ഇടക്കാല റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മധ്യസ്ഥ ചര്‍ച്ചയുടെ പുരോഗതി ബെഞ്ച് വിലയിരുത്തി. എന്തു പുരോഗതിയാണ് ഉണ്ടായത് എന്നതു സംബന്ധിച്ച് ബെഞ്ച് ഒന്നും പറയുന്നില്ലെന്നും അതു രഹസ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബാബരി മസ്ജിദ്-രാമ ജന്മഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് മാര്‍ച്ച് എട്ടിനാണ് സുപ്രീം കോടതി ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുല്ലയുടെ നേതൃത്വത്തില്‍ മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. ഇതിനു ശേഷം ആദ്യമായാണ് ഈ കേസ് വെള്ളിയാഴ്ച പരിഗണിച്ചത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഘാഡ, റാം ലല്ല എന്നിവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കിയ 2010ലെ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ 14 അപ്പീലുകളാണ് സുപ്രീം കോടതി പരിഗണനയില്‍ ഉള്ളത്. ഭൂമി വീതം വച്ചതിനുള്ള ഈ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായനാണ് മധ്യസ്ഥ സമിതിയെ നിയോഗിച്ചത്.