ന്യൂദല്‍ഹി- ഈസ്റ്റ് ദല്‍ഹി മണ്ഡലത്തില്‍ സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന ലഘുലേഖ പ്രചരിച്ചതിന്റെ പേരില്‍ പൊട്ടിക്കരഞ്ഞ ആംആദ്മി സ്ഥാനാര്‍ഥി ആതിഷി വോട്ടര്‍മാരുടെ സഹതാപം കൂടി നേടുമെന്ന ഭീതിയിലായി ബി.ജെ.പിയും സ്ഥാനാര്‍ഥി ഗൗതം ഗംഭീറും.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സ്ത്രീകളുടെ മാന്യത പോലും വില്‍ക്കുന്ന ആഭാസനായി ദല്‍ഹി മുഖ്യമന്ത്രിയ വിശേഷിപ്പിച്ച ഗൗതം ഗംഭീര്‍ ഒടുവില്‍ ലഘുലേഖക്ക് പിന്നില്‍ താനാണെന്ന് പറഞ്ഞതിന് കെജ് രിവാള്‍ അടക്കമുള്ള ആംആദ്മി നേതാക്കള്‍ക്കും സ്ഥാനാര്‍ഥി ആതിഷിക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കയാണ്.
വംശീയമായും സ്ത്രീവിരുദ്ധമായും ആതിഷിയെ അവഹേളിക്കുന്ന വരികളാണ് ലഘുലേഖയിലുള്ളത്. ബീഫ് തിന്നുന്നവളെന്നും വേശ്യയെന്നും സങ്കരയിനമെന്നും ആക്ഷേപിക്കുന്ന ലഘുലേഖക്ക് പിന്നില്‍ തങ്ങളല്ലെന്നും കെജ് രിവാളിന്റെ തട്ടിപ്പാണെന്നും സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തന്റെ പങ്കാളിത്തം തെളിഞ്ഞാല്‍ മത്സര രംഗത്തുനിന്ന് പിന്മാറുമെന്ന് ഗൗതം ഗംഭീര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
38 കാരിയായ ആതിഷി മര്‍ലേന ദല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ തരംഗമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ലഘുലേഖ പ്രത്യക്ഷപ്പെട്ടത്.
ദല്‍ഹി സര്‍വകലാശാല അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളാണ് ആതിഷി. മിശ്രവിവാഹിതരായ ദമ്പതികള്‍ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി പേരിനോടൊപ്പം മര്‍ലേന എന്ന് ചേര്‍ക്കുകയായിരുന്നു. മാര്‍ക്‌സിന്റേയും ലെനിന്റേയും പേരുകളുടെ സംയുക്തരൂപമാണ് മര്‍ലേന.
2001 ല്‍ ദല്‍ഹി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ആതിഷി സര്‍വകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയിലാണ് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് 2005 ലും ഓക്‌സ്ഫഡില്‍ തന്നെ ഗവേഷണവും നടത്തി.
ബി.ജെ.പി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ള പ്രമുഖര്‍ പ്രചാരണം നടത്തിയപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരും ചലച്ചിത്രപ്രവര്‍ത്തകരുമാണ് ആതിഷിക്ക് വേണ്ടി രംഗത്തുള്ളത്. ബോളിവുഡ് താരം സ്വര ഭാസ്‌കറും ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനിയും ആതിഷിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചു.