ലഘുലേഖക്ക് പിന്നില്‍ ഗൗതം ഗംഭീറെന്ന് കെജ്‌രിവാള്‍
കെജ്‌രിവാള്‍ എന്തും ചെയ്യുന്ന ആഭാസനെന്ന് ഗൗതം ഗംഭീര്‍
ന്യൂദല്‍ഹി- വോട്ടര്‍മാര്‍ക്കിടയില്‍ അപകീര്‍ത്തികരമായ ലഘുലേഖ വിതരണം ചെയ്തതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ആതിഷി വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞു. ഞായറാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആതിഷിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖകള്‍ മണ്ഡലത്തിലുടനീളം വിതരണം ചെയ്തത്. എതിര്‍ സ്ഥാനാര്‍ഥിയായ ബി.ജെ.പിയുടെ ഗൗതം ഗംഭീറാണ് ലഘുലേഖക്കു പിന്നിലെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. ഗൗതം ഗംഭീര്‍ ഇത്രമാത്രം തരം താഴുമെന്ന് കരുതിയിരുന്നില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. സ്റ്റാന്‍ഡ് വിത്ത് ആതിഷിയെന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രചരിച്ചു.
ബീഫ് തിന്നുന്ന വേശ്യയെന്നാണ് ലഘുലേഖയില്‍ ആതിഷിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗൗതമിനെ പോലുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എങ്ങനെയാണ് സ്ത്രീകള്‍ സുരക്ഷിതയായി ഇരിക്കുകയെന്നും ആതിഷി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ആതിഷി സങ്കര ഇനമാണെന്നും ലഘുലേഖയില്‍ ആക്ഷേപിക്കുന്നു. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ആതിഷിക്ക് അവിഹിത ബന്ധമുണ്ടെന്നും ലഘുലേഖയിലുണ്ട്. വളരെ മോശമായ ഭാഷയാണ് ലഘുലേഖയിലുള്ളതെന്നും വായിക്കാനാവില്ലെന്നും മനീഷ് സിസോദിയ പറയുന്നു.
അതിനിടെ, സ്ത്രീകളുടെ മാന്യതക്ക് വില കല്‍പിക്കാത്ത ആഭാസനാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളെന്ന ആരോപണവുമായി ഗൗതം ഗംഭീര്‍ രംഗത്തു വന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു വേണ്ടി കെജ്‌രിവാള്‍ എന്തും ചെയ്യുമെന്നും അതിന്റെ ഭാഗമാണ് ലഘുലേഖയെന്നും അദ്ദേഹം പറഞ്ഞു. താനാണ് ഇതിനു പിന്നിലെന്ന് തെളിയിച്ചാല്‍ മത്സരത്തില്‍നിന്ന് പിന്മാറുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.