ഹൈദരാബാദ്- ഹൈദരാബാദ് ബാലാപൂരില്‍ കൈക്കുഞ്ഞിനെ തട്ടി കൊണ്ടുപോയി വിറ്റു. ആറ് മാസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് തട്ടികൊണ്ട് പോയി പതിനായിരം രൂപയ്ക്ക് വിറ്റത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മാതാപിതാക്കളുടെ പക്കല്‍ ഏല്‍പിച്ചു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെയും കൊണ്ട് അമ്മയും മുത്തശ്ശിയും പരിചയക്കാരനായ ഷെയ്ഖ് അഹമ്മദിന്റെ വീട്ടില്‍ പോയിരുന്നു. ഇവിടെ വെച്ച് ഇയാള്‍ അമ്മയെയും മുത്തശ്ശിയെയും വീട്ടില്‍ പൂട്ടിയിട്ട ശേഷം കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു. തട്ടിയെടുത്ത കുഞ്ഞിനെയും കൊണ്ട് ഇയാള്‍ മഹാരാഷ്ട്രയിലേക്ക് പോയി. മഹാരാഷ്ട്രയിലെ നാന്ദദില്‍ എത്തിയ പ്രതി അവിടെ വച്ച് മിര്‍ ഫയാസ് അലി എന്നയാള്‍ക്ക് പതിനായിരം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.
കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. പ്രതി നന്ദദിലേക്കാണ് പോയതെന്ന് വിവരം ലഭിച്ച ഉടനെ പൊലീസ് വിവരം മഹാരാഷ്ട്ര പോലീസിന് കൈമാറുകയായിരുന്നു. നന്ദദില്‍ വച്ച് തന്നെ അഹമ്മദിനെ പൊലീസ് പിടികൂടി. പിന്നീട് കുട്ടിയെ പതിനായിരം രൂപയ്ക്ക് വാങ്ങിയ മിര്‍ ഫയാസ് അലിയെയും പിടികൂടികയായിരുന്നു. പ്രതികളില്‍ നിന്നും കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ശേഷം മാതാപിതാക്കള്‍ക്ക് കൈമാറി.