മക്ക- കഴിഞ്ഞ കൊല്ലം ഒന്നേമുക്കാല്‍ കോടിയിലേറെ പേര് ഉംറ നിര്‍വഹിച്ചതായി ഔദ്യോഗിക കണക്ക്. 2018 ല്‍ ആകെ 1,83,11,111 പേരാണ് ഉംറ കര്‍മം നിര്‍വഹിച്ചത്. ഇതില്‍ 67,65,614 പേര് വിദേശ തീര്‍ഥാടകരും 1,15,45,497 പേര് ആഭ്യന്തര തീര്ഥാടകരുമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. വിദേശ തീര്‍ഥാടകരില്‍ 62 ശതമാനം പേരും എത്തിയത് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. മദീന പ്രിന്‍സ് മുഹമ്മദ് എയര്‍പോര്‍ട്ട് വഴി 29.31 ശതമാനം തീര്‍ഥാടകര്‍ എത്തി.
ആഭ്യന്തര തീര്‍ഥാടകരില്‍ 67.5 ശതമാനവും ഒറ്റ ദിവസത്തെ ഉംറ യാത്രയാണ് ഇഷ്ടപ്പെടുന്നത്. ആഭ്യന്തര തീര്‍ഥാടകരില്‍ 46.17 ശതമാനം പേര് സൗദികളും 53.83 ശതമാനം പേര് വിദേശികളുമാണ്. ആഭ്യന്തര തീര്‍ഥാടകരില്‍ 59 ശതമാനം പേരും റമദാനിലാണ് ഉംറ കര്‍മം നിര്‍വഹിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.